വെള്ളത്തിൽ വീണ് കുരുന്ന്; പകച്ചു നിൽക്കാതെ ജീവൻ രക്ഷിച്ച് സുഹൃത്തായ മൂന്നു വയസുകാരൻ; അഭിനന്ദിച്ച് ലോകം

പുരസ്‌കാരം നൽകി പോലീസ്

റിയോ ഡി ജനീറോ: കളിക്കൂട്ടുകാരൻ വെള്ളത്തിൽ വീണപ്പോൾ പകച്ചുനിൽക്കാതെ തനിച്ച് കരയ്ക്ക് കയറ്റി ജീവൻ രക്ഷിച്ച മൂന്നുവയസുകാരനെ അഭിനന്ദിച്ച് ലോകം.
ഈ കുഞ്ഞിന്റെ സമയോചിത ഇടപെടൽ മൂലം കൂട്ടുകാരന് ജീവൻ തിരികെ ലഭിക്കുകയായിരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോ സ്വദേശി ആർതർ ഡി ഒലിവെറിയ ആണ് ലോകം വാഴ്ത്തുന്ന ആ ഹീറോ. ആർതറിന്റെ ധീരത അമ്മയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഇതോടെയാണ് ലോകം തന്നെ ആർതറിന് അഭിനന്ദനവുമായി എത്തിയത്.

ഒരു ഫാം ഹൗസിൽ കൂട്ടുകാരനോടൊപ്പം സിവ്മ്മിങ് പൂളിന്റെ കരയിലിരുന്ന് ളിക്കുകയായിരുന്നു ആർതർ. സ്വിമ്മിങ് പൂളിൽ നിന്നും എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒപ്പമുണ്ടായിരുന്ന കുഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരൻ മുങ്ങിത്താഴുന്നത് കണ്ട് ആർതർ ഒരുനിമിഷം ഒന്നു പകച്ചുപോയെങ്കിലും സഹായത്തിനായി അടുത്ത് ആരെങ്കിലുമുണ്ടോയെന്നു നോക്കാനും മറന്നില്ല. സമീപത്ത് തങ്ങളെ സഹായിക്കാൻ ആരും ഇല്ലെന്ന് മനസിലായതോടെ പിന്നൊന്നും ചിന്തിക്കാൻ നിൽക്കാതെ സ്വന്തം കൊകൊണ്ട് സുഹൃത്തിനെ കരയിലേക്ക് വലിച്ചു കയറ്റുകയായിരുന്നു ആർതർ. സിസിടിവിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

നിമിഷങ്ങളുടെ അശ്രദ്ധ വലിയൊരു അപകടത്തിലേക്ക് നയിച്ചേനെയെന്നും ആർതറിന്റെ അമ്മ പോളീയാന പറയുന്നു. കുറച്ച് നേരത്തേക്ക് തന്റെ ശ്രദ്ധ ഒന്നു തിരിഞ്ഞപ്പോഴാണ് ആർതർ വീടിന് പുറത്തിറങ്ങയതെന്നാണ് ഇവർ പറയുന്നത്. അത് തീർത്തും അനാസ്ഥ തന്നെയാണ്. പക്ഷെ എന്റെ മകന്റെ ധീര പ്രവർത്തിയിൽ ഇപ്പോൾ അഭിമാനം കൊള്ളുന്നുവെന്നും ഈ അമ്മ പറയുന്നു.

ആർതറിന്റെ ധീരതയറിഞ്ഞ് ഒരു ബാസ്‌കറ്റ് നിറയെ മിഠായികളും പുതിയ ഒരു ബാസ്‌കറ്റ് ബോളുമായി ടൗൺ പോലീസും അഭിനന്ദനവുമായി എത്തി. ഇതിന് പുറമെ കുഞ്ഞു ഹീറോയുടെ ധീരതയ്ക്ക് അംഗീകാരമായി സർട്ടിഫിക്കറ്റും ട്രോഫിയും നൽകിയാണ് അവർ മടങ്ങിയത്. ‘ഒരു ഹീറോ മറ്റൊരു ഹീറോയ്ക്ക് നൽകുന്ന സമ്മാനം’ എന്നായിരുന്നു ട്രോഫിയിൽ ആലേഖനം ചെയ്തിരുന്നത്.

Exit mobile version