സ്പുട്‌നിക് 5 വാക്‌സിന്‍; റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന

മോസ്‌കോ: റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 വാക്‌സിനെ കുറിച്ച് റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യസംഘടന. നിലവില്‍ റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിനെ പറ്റി ഒരു വിലയിരുത്തലിലേക്ക് കടക്കാന്‍ ആകില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ അനിവാര്യമാണെന്നുമാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കിയത്. അതേസമയം റഷ്യ പുതിയ വാക്‌സിന്‍ 40,000ലധികം പേരിലേക്ക് പരീക്ഷണത്തിന് ആയി ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് ലോകാരോഗ്യസംഘടന റഷ്യയോട് കൂടുതല്‍ വിവരങ്ങള്‍ തേടിയത്.

അതേസമയം ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30ലക്ഷത്തിലേക്ക് അടുക്കുകയാണ്. 7.96 ലക്ഷത്തിലധികം പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്. വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 61,878 പേര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. കൊവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നിരിക്കുകയാണ്. 5,745,710 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇന്നലെ മാത്രം 44,779 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1048 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 177382 ആയി ഉയര്‍ന്നു. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ഇതുവരെ 3,505,097 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Exit mobile version