ഇന്ത്യയില്‍ അല്ല, ശ്രീരാമന്‍ ജനിച്ചത് നേപ്പാളിലെ അയോധ്യപുരിയില്‍; ഒരുമാസത്തിനിടെ രണ്ടാം തവണയും അവകാശവാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി, ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കാനായി രംഗത്തിറങ്ങണമെന്ന് ആഹ്വാനം

കഠ്മണ്ഡു: ശ്രീരാമന്‍ ജനിച്ചത് ഇന്ത്യയിലല്ല നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാള്‍ പ്രധാമന്ത്രി ഒ.പി.ശര്‍മ ഒലി നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീരാമന്‍ ജനിച്ചതു തെക്കന്‍ നേപ്പാളിലെ അയോധ്യാപുരിയിലാണെന്നും ഉത്തര്‍പ്രദേശിലെ അയോധ്യയിലല്ലെന്നും വാദമുയര്‍ത്തി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശര്‍മ ഒലി.

ഒരുമാസത്തിനിടെ രണ്ടാം തവണയാണിത്. ഭരണകക്ഷിയായ നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ (എന്‍സിപി) മുന്‍പ്രധാനമന്ത്രി പ്രചണ്ഡയുമായുള്ള അധികാരത്തര്‍ക്കത്തിനിടെയാണു പ്രധാനമന്ത്രിയുടെ വാദം. ഒലിയുടെ രാജിക്കായി എതിര്‍പക്ഷം മുറവിളി കൂട്ടുകയാണ്.

എന്നാല്‍ രാജിവയ്ക്കുന്ന പ്രശ്‌നമില്ലെന്ന് ഒലി ആവര്‍ത്തിച്ചു. ചിത്വാന്‍ ജില്ലയിലെ മാഡിയില്‍നിന്നെത്തിയ പ്രതിനിധി സംഘത്തോടാണു പ്രധാനമന്ത്രി രാമജന്മഭൂമിയെപ്പറ്റിയുള്ള തന്റെ വാദം ആവര്‍ത്തിച്ചത്. രാമന്റെ ജന്മദേശം ഇന്ത്യയല്ലെന്ന് തന്നെയാണ് ശര്‍മ ഒലി പറയുന്നത്.

2 മണിക്കൂര്‍ നീണ്ട സംഭാഷണത്തിനിടെ, ശ്രീരാമവിഗ്രഹം പ്രതിഷ്ഠിക്കാനായി രംഗത്തിറങ്ങണമെന്നും അയോധ്യാപുരിയെ രാമന്റെ ജന്മസ്ഥലമായി ഉയര്‍ത്തിക്കാട്ടാനുള്ള പ്രചാരണത്തിന് മുന്‍കൈയെടുക്കണമെന്നും മാഡി മേയര്‍ ഠാക്കൂര്‍ പ്രസാദ് ധാക്കലിനോട് ഒലി ആവശ്യപ്പെട്ടു.

ഈ പ്രദേശമുള്‍പ്പെടുന്ന മുനിസിപ്പാലിറ്റിയെ അയോധ്യാപുരി എന്നു പുനര്‍നാമകരണം ചെയ്യണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ അയോധ്യയിലെ ഭൂമിപൂജയില്‍ പങ്കെടുത്ത നേപ്പാളിലെ പൂജാരി ആചാര്യ ദുര്‍ഗപ്രസാദ് ഗൗതം പ്രധാനമന്ത്രിയുടെ അവകാശവാദത്തെ അസംബന്ധമെന്നു വിശേഷിപ്പിച്ചു.

Exit mobile version