ലോകത്ത് കൊവിഡ് ബാധിതർ 1.82 കോടി കടന്നു; മരണം ഏഴുലക്ഷത്തിന് അടുത്ത്; ഒറ്റദിനം ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് ഇന്ത്യയിൽ; ആശങ്ക

ന്യൂയോർക്ക്: കൊവിഡ് അതിരൂക്ഷമായി തന്നെ ലോകത്തെ കീഴടക്കി കൊണ്ടിരിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം 1.82 കോടിയായി ഉയർന്നു. 1,82,31,535 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, കൊവിഡ് മരണം ഏഴ് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 6.92 ലക്ഷം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.

അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. കഴിഞ്ഞ ദിവസം ലോകത്ത് തന്നെ ഇന്ത്യയിലാണ് ഏറ്റവും അധികം ആളുകൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

52783 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിൽ 49038 പേർക്കും ബ്രസീലിൽ 24801 പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തത് മെക്‌സിക്കോയിലാണ് (784). ഇന്ത്യയിൽ 24മണിക്കൂറിനുള്ളിൽ 758 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 467മരണങ്ങളും ബ്രസീലിൽ 514 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ കൊവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോൾ ബ്രസീലിൽ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബ്രസീലിൽ ഇതുവരെ 94,130 പേർ മരിച്ചു. 38,161 പേരാണ് ഇന്ത്യയിൽ മരിച്ചത്.

Exit mobile version