പനിയും, ചുമയും, രുചിയില്ലായ്മയും മാത്രമല്ല, തൊലിപ്പുറത്തെ തടിപ്പും കൊവിഡ് ലക്ഷണം, രോഗികളില്‍ മിക്കവരിലും ഈ ലക്ഷണവും പ്രകടമായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ലണ്ടന്‍: ചുമയും പനിയും തൊണ്ട വേദനയുമൊക്കെയാണ് ആദ്യമൊക്കെ കോവിഡ് ലക്ഷണങ്ങളായി കണ്ടത്. പിന്നീട് മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇത് ലോകാരോഗ്യ സംഘടന അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് വ്യക്തമാക്കുകയാണ് ശാസ്ത്രജ്ഞര്‍. ലണ്ടന്‍ കിങ്‌സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടേതാണ് പുതിയ കണ്ടെത്തല്‍. തൊലിപ്പുറത്തെ തടിപ്പും ചിലരില്‍ കോവിഡിന്റെ ലക്ഷണങ്ങളാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

കോവിഡ് പോസിറ്റീവായി കണ്ടെത്തിയ 8.8 ശതമാനം ആളുകളില്‍ ഈ ലക്ഷണവും പ്രകടമായിരുന്നു എന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്. എന്‍എച്ച്എസ് അംഗീകരിച്ചിട്ടുള്ള കോവിഡ് ലക്ഷണങ്ങളുടെ ലിസ്റ്റില്‍ ഇത് ഉടന്‍ ഉള്‍പ്പെടുത്തണമെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ മരിയോ ഫാല്‍ച്ചിയുടെ നേതൃത്വത്തിലുള്ള പഠനസംഘം സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായിരുന്ന ബ്രിട്ടന്‍ പതിയ രോഗമുക്തി നേടിക്കൊണ്ടിരിക്കുകയാണ്. കോവിഡ് ഏറെ ദുരന്തം വിതച്ച ബ്രിട്ടനില്‍ ആശ്വാസത്തിന്റെ തുരുത്തായി മാറുകയാണ് സ്‌കോട്ട്‌ലന്‍ഡ്. തുടര്‍ച്ചയായ ഏഴാം ദിവസവും സ്‌കോട്ട്‌ലന്‍ഡില്‍ ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. ദിവസേന രോഗികളാകുന്നവരുടെ എണ്ണവും അമ്പതില്‍ താഴെയാണ്.

Exit mobile version