യുവാക്കളില്‍ വൈറസ് ബാധിക്കില്ലെന്ന് തെറ്റായ ചിന്ത; കോവിഡ് ബാധിതന്‍ നടത്തിയ ‘കോവിഡ്19’ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് ഒടുവില്‍ വൈറസ് ബാധിച്ച് മരിച്ചു

ന്യൂയോര്‍ക്ക്: ‘കോവിഡ്-19’ പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് വൈറസ് ബാധിച്ചു മരിച്ചു. ടെക്‌സാസിലാണു സംഭവം. കോവിഡ് ബാധിതനാണ് പാര്‍ട്ടി നടത്തിയത്. കോവിഡ് വെറുമൊരു തട്ടിപ്പാണെന്നാണ് കരുതി പാര്‍ട്ടിയില്‍ പങ്കെടുത്ത മുപ്പതുകാരനാണ് വൈറസ് ബാധിച്ച് മരിച്ചത്.

യുഎസില്‍ 1,35,000 പേരുടെ ജീവനെടുത്ത വൈറസാണ് കോവിഡ്. ഇത് വെറും തട്ടിപ്പാണെന്നാണു മുപ്പതുകാരനായ യുവാവ് കരുതിയിരുന്നതെന്ന് സാന്‍ ആന്റോണിയോയിലെ മെതോഡിസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ജാനേ ആപ്പിള്‍ബി പറഞ്ഞു.

യുവാവായതിനാല്‍ തനിക്കു വൈറസ് ബാധിക്കില്ലെന്നാണ് മപ്പതുകാരന്‍ കരുതിയത്. എന്നാല്‍ എല്ലാം തെറ്റാണെന്നു മനസിലാക്കിയതോടെ താന്‍ വലിയൊരു തെറ്റു ചെയ്‌തെന്ന് യുവാവ് നഴ്‌സിനോടു തുറന്നുസമ്മതിച്ചുവെന്നും ഡോക്ടര്‍ വ്യക്തമാക്കി.

യുവാക്കള്‍ക്കു രോഗം ബാധിച്ചാല്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. അസുഖബാധിതനാണെന്നു ഇവരെ കണ്ടാല്‍ പെട്ടെന്നു മനസിലാകില്ല. എന്നാല്‍ അവരുടെ ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കുകയും കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യുമ്പോള്‍ കരുതുന്നതിലും മോശമാണ് അവരുടെ അവസ്ഥയെന്നു വ്യക്തമാകുമെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

യുവാക്കള്‍നിലവിലെ അവസ്ഥ മനസിലാക്കണമെന്നും കോവിഡ് നമ്മള്‍ വിചാരിക്കുന്ന പോലെയല്ല, വിഷയത്തെ ഗുരുതരമായി കാണണമെന്നും ഡോക്ടര്‍ ആവശ്യപ്പെട്ടു. കോവിഡ് ബാധിക്കുന്നവര്‍ പാര്‍ട്ടി നടത്തുന്നതായും ഇവരില്‍ ആദ്യം രോഗം ബാധിക്കുന്നവര്‍ക്ക് പാരിതോഷികം നല്കുന്നതായുമുള്ള വാര്‍ത്ത നേരത്തെയും പുറത്തുവന്നിരുന്നു.

Exit mobile version