കൊവിഡ് 19; ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 2.30 ലക്ഷത്തിലേറെ പേര്‍ക്ക്, വൈറസ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 2.30 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1.26 കോടി കടന്നു. നിലവിലെ കണക്ക് പ്രകാരം 1,26,14,260 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അതേസമയം വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 5,61,980 ആയി ഉയര്‍ന്നു. 47,32,834 പേരാണ് നിലവില്‍ വിവിധ രാജ്യങ്ങളിലായി ചികിത്സയിലുള്ളത്. ഇതില്‍ 59,000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് ബാധമൂലം ഇന്നലെ മാത്രം 5,357 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 32 ലക്ഷം കടന്നു. പുതുതായി 71,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1,36,649 ആയി ഉയര്‍ന്നു.

രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 45000 ത്തിലേറേ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 18 ലക്ഷം കടന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 1300 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 70,000 കടന്നു. സൗത്ത് ആഫ്രിക്കയില്‍ 12,000ത്തിലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം
രണ്ടര ലക്ഷം കടന്നു. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം എട്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. റഷ്യയില്‍ കൊവിഡ് രോഗികള്‍ 7.10 ലക്ഷം പിന്നിട്ടു.

Exit mobile version