ഇന്ത്യ-ചൈന സംഘർഷത്തിന് അയവ്; ചൈനീസ് സൈന്യം പിന്മാറാൻ തുടങ്ങി

galwan valley

ലഡാക്ക്: ഇന്ത്യയും ചൈനയും തമ്മിലുള്ള ലഡാക്കിലെ അതിർത്തിയിലെ സംഘർഷത്തിന് അയവ്. ഇന്ത്യ-ചൈന അതിർത്തിയിൽനിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോർട്ട്. ഇരു സേനാവിഭാഗങ്ങളും പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ പിൻവാങ്ങാൻ തുടങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല ഇക്കാര്യം.

ഗൽവാൻ ഉൾപ്പടെ മൂന്നു സംഘർഷ മേഖലയിൽ നിന്നും ചൈനീസ് സേന ഒന്നര കിലോമീറ്ററോളം പിന്മാറിയെന്നാണ് റിപ്പോർട്ട്. ഗൽവാൻ താഴ്‌വര, ഹോട്ട് സ്പ്രിങ്‌സ്, ഗോഗ്ര എന്നീ പട്രോളിങ് പോയന്റുകളിൽ നിന്നാണ് സേന പിന്മാറിയത്.

ഇവിടത്തെ താത്കാലിക നിർമ്മാണങ്ങളും പൊളിച്ചുനീക്കിയതായാണ് വിവരം. എന്നാൽ ഇത് ഇനിയും ഔദ്യോഗികമായി സ്ഥിരീകരിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളുടെയും സൈനികർ ചേർന്ന് ബഫർ സോണുണ്ടാക്കിയിട്ടുണ്ട്. ലഡാക്കിലുണ്ടായ സംഘർഷത്തിന് പിന്നാലെ കമാൻഡർ തലത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയുടെ തുടർച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് സൂചന. സംഘർഷം ലഘൂകരിക്കുക, യഥാർഥ നിയന്ത്രണരേഖ മാനിക്കുക എന്നീ വിഷയങ്ങളിൽ ഊന്നിയായിരുന്നു ലഫ്.ജനറൽ തല ചർച്ച നടന്നത്.

Exit mobile version