നിയമ വിരുദ്ധം, 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച നടപടി ഇന്ത്യ തിരുത്തണമെന്ന് ചൈന

ബെയ്ജിങ്: അതിര്‍ത്തിയിലെ തര്‍ക്കത്തിന് തിരിച്ചടി നല്‍കി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ നടപടിയില്‍ പ്രതികരിച്ച് ചൈന. ചൈനീസ് കമ്പനികള്‍ക്ക് നേരെയുളള വിവേചനപരമായ നടപടികള്‍ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്ന് ചൈനീസ് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

വാണിജ്യ മന്ത്രാലയ വക്താവ് ഗവോ ഫെങാണ് ഇക്കാര്യം പറഞ്ഞത്. ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്കോ സേവനങ്ങള്‍ക്കോ എതിരേ ചൈന ഒരു തരത്തിലുമുള്ള നിയന്ത്രണങ്ങളോ വിവേചന നടപടികളോ കൈക്കൊണ്ടിട്ടില്ലെന്ന് ഗവോ ഫെങ് ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ നടപടി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ നിയമങ്ങള്‍ വിരുദ്ധമാണെന്നും ചൈനീസ് കമ്പനികള്‍ക്ക് നേരെയുളള വിവേചനപരമായ നടപടികള്‍ ഇന്ത്യ എത്രയും പെട്ടെന്ന് തിരുത്തണമെന്നും ഗവോ പറഞ്ഞു.

ഇന്ത്യയില്‍ ഏറെ ആരാധകരുള്ള ടിക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. രാജ്യസുരക്ഷയും പൗരന്‍മാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ടാണു നിരോധനമെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് വിവര സാങ്കേതികവിദ്യാ മന്ത്രാലയം അറിയിച്ചു.

Exit mobile version