തിര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും, പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമില്ല; ഹജ്ജ് നിര്‍ത്തിവെയ്ക്കില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം

റിയാദ്: ഇത്തവണ ഹജ്ജ് കര്‍മ്മം നടത്താന്‍ സൗദി ഹജ്ജ് മന്ത്രാലയത്തിന്റെ തീരുമാനം. ആഭ്യന്തര തീര്‍ത്ഥാടകരായ പരിമിതമായ ആളുകളെ പങ്കെടുപ്പിച്ച് നടത്താനാണ് തീരുമാനം. സ്വദേശികളെയും രാജ്യത്ത് താമസിക്കുന്ന വിവിധ രാജ്യക്കാരെയും പങ്കെടുപ്പിക്കും. പരിമിതമായ എണ്ണം തീര്‍ത്ഥാടകര്‍ക്ക് മാത്രമായിരിക്കും അവസരം.

വളരെ സുരക്ഷിതവും ആരോഗ്യ കാര്യങ്ങള്‍ പരമാവധി ശ്രദ്ധിച്ചും മുന്‍കരുതലുകള്‍ പരമാവധി പാലിച്ചുമായിരിക്കും ഹജ്ജ് നടത്തുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകമെമ്പാടും 180ലധികം രാജ്യങ്ങള്‍ കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ മുഴുവന്‍ തീര്‍ത്ഥാടകരെയും പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ പ്രയാസമുള്ള സാഹചര്യത്തിലാണ് രാജ്യത്തിനകത്തുള്ള പരിമിത എണ്ണം തീര്‍ത്ഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ തീരുമാനം കൈകൊണ്ടത്.

ഈ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷ കണക്കിലെടുത്തും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ച് ഹജ്ജ് നടത്താന്‍ തീരുമാനം.

Exit mobile version