കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു, അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ 20000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം കടന്നു. വൈറസ് ബാധമൂലം ലോകത്ത് മരിച്ചവരുടെ എണ്ണം 4,38,000 കവിഞ്ഞു. അമേരിക്കയിലും ബ്രസീലിലും കഴിഞ്ഞ 24 മണിക്കൂറിനിടെ 20000 ത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

വൈറസ് ബാധമൂലം അമേരിക്കയില്‍ മാത്രം 1,180000ത്തിലേറെ പേരാണ് മരിച്ചത്. ബ്രസീലില്‍ മരണം 44000ത്തോട് അടുക്കുകയാണ്. ചിലിയിലും മെക്‌സിക്കോയിലുമെല്ലാം സങ്കീര്‍ണമാണ് സാഹചര്യം. യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം രോഗവ്യാപനം തുടരുകയാണ്.

അതേസമയം മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കൊവിഡിന് ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിറക്കി. ഇവ പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡസ്‌വീറുമായി ചേരുന്നത് രോഗപ്രതിരോധ സാധ്യത കുറയ്ക്കുമെന്നാണ് എഫ്ഡിഎ പ്രതിനിധി പറഞ്ഞത്.

അതേസമയം കൊവിഡ് മുക്തമായെന്ന് പ്രഖ്യാപിക്കാനിരിക്കെ ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യുകെയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കാണ് രോഗം് സ്ഥിരീകരിച്ചതെന്നാണ് ആരോഗ്യമന്ത്രാലയം അറിയിച്ചത്. കൊവിഡ് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ വൈകീട്ട് വിശദീകരിക്കുമെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കയത്.

ഭാവിയില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അവ വിദേശത്ത് നിന്ന് വരുന്നവര്‍ക്കായിരിക്കുമെന്നാണ് ന്യൂസിലാന്‍ഡിന്റെ കണക്കുകൂട്ടല്‍. വിദേശത്തുനിന്ന് വരുന്നവരെ കൃത്യമായി ക്വാറന്റീന്‍ ചെയ്ത് വ്യാപനം തടഞ്ഞുനിര്‍ത്തുകയാണ് ന്യൂസിലാന്‍ഡ്. പുറത്തുനിന്ന് ആര് എത്തിയാലും പതിനാല് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നാണ് നിര്‍ദേശം.

Exit mobile version