കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 73 ലക്ഷം കവിഞ്ഞു, മരണം 413625 ആയി, ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം എണ്ണം 73 ലക്ഷം കവിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്ക് അനുസരിച്ച് ലോകത്ത് ഇതുവരെ 7,316,820 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 413,625 പേരാണ് വൈറസ് ബാധമൂലം ഇതുവരെ മരിച്ചത്. ആഗോളതലത്തില്‍ ഇതുവരെ 3,602,502 പേരാണ് രോഗമുക്തി നേടിയത്.

വൈറസ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ ഇന്നലെ മാത്രം 19,056 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,093 പേരാണ് മരിച്ചത്. അതേസമയം കൊവിഡ് വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്ന ബ്രസീലില്‍ കഴിഞ്ഞ ദിവസം 31,197 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,185 പേരാണ് ഇന്നലെ മരിച്ചത്.

അതേസമയം ലോകത്ത് ഏറ്റവും വേഗത്തില്‍ കൊവിഡ് 19 വൈറസ് പടരുന്ന മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവുമധികം പുതിയ രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. ഓരോ ദിവസവും 9000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ 7446 പേരാണ് ഇന്ത്യയില്‍ വൈറസ് ബാധമൂലം മരിച്ചത്.

അതേസമയം രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതര്‍ രോഗം പരത്താന്‍ സാധ്യത കുറവാണെന്ന പ്രസ്താവന ലോകാരോഗ്യ സംഘടന തിരുത്തി. നിരവധി ആരോഗ്യ വിദഗ്ധര്‍ ഈ പ്രസ്താവനയെ ചോദ്യം ചെയ്തതോടെയാണ് ലോകാരോഗ്യ സംഘടന പ്രസ്താവന പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന പകര്‍ച്ചവ്യാധി വിദഗ്ധയായ മരിയ വാന്‍ കോര്‍കോവ് ഇത്തരത്തിലൊരു പ്രസ്താവനടത്തിയത്. എന്നാല്‍ തന്റെ വാക്കുകള്‍ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിനു ശാസ്ത്രീയ പിന്‍ബലമില്ലെന്നുമാണ് കഴിഞ്ഞ ദിവസം പ്രസ്താവന തിരുത്തിക്കൊണ്ട് അവര്‍ വ്യക്തമാക്കിയത്.

Exit mobile version