71.93 ലക്ഷം രോഗികള്‍, മരണസംഖ്യ 4.08 ലക്ഷം കവിഞ്ഞു, ലോകത്ത് കൊറോണബാധിതരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന, ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്നു. ലോകത്താകമാനം രോഗബാധിതരുടെ എണ്ണം ഇതിനോടകം 71.93 ലക്ഷമായി ഉയര്‍ന്നു. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 4.08 ലക്ഷം കവിഞ്ഞു. അമേരിക്കയാണ് കൊറോണ രോഗികളില്‍ മുന്നില്‍.

കൊറോണ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് മാസങ്ങള്‍ പിന്നിട്ടെങ്കിലും അമേരിക്കയില്‍ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. അമേരിക്കയില്‍ ഇതുവരെ കൊറോണ ബാധിച്ചവരുടെ എണ്ണം 20.26 ലക്ഷമായി. 1.13 ലക്ഷത്തോളം പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്.

ബ്രസീലിലും റഷ്യയിലും കൊറോണ ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുകയാണ്. ബ്രസീലില്‍ 7.10 ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണം 37,312 കടന്നു. റഷ്യയില്‍ 4.76 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 5971 പേര്‍ മരിച്ചു. ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 2.65 ലക്ഷമായി. 7473 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ പ്രതിസന്ധി ഏറ്റവും രൂക്ഷമായിരുന്ന ന്യൂയോര്‍ക്ക് നഗരത്തില്‍ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് 78 ദിവസങ്ങള്‍ നീണ്ട ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്നലെ മുതല്‍ നീക്കി. അതേസമയം, കൊറോണ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി.

ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണ്‍ യൂറോപ്പിലെ ലക്ഷക്കണക്കണക്കിന് പേരുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായതായി ഇംപീരിയില്‍ കോളേജ് ലണ്ടനിലെ ഒരു സംഘം പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കി.

Exit mobile version