സുരക്ഷയില്‍ ആശങ്ക; ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ജനീവ: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നന ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കഴിഞ്ഞ ആഴ്ച മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നാണ് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം പറഞ്ഞത്.

‘കൊറോണ വൈറസിന് സാധ്യമായ ചികിത്സകള്‍ പരീക്ഷിക്കുന്നതിന് നിരവധി രാജ്യങ്ങളിലെ നൂറുകണക്കിന് ആശുപത്രികളെ ചേര്‍ത്തിട്ടുള്ള സോളിഡാരിറ്റി ട്രയല്‍ എന്നുവിളിക്കുന്ന എക്സിക്യൂട്ടിവ് ഗ്രൂപ്പുണ്ട്. മുന്‍കരുതല്‍ എന്ന നിലയില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്’ എന്നാണ് ടെഡ്രോസ് പറഞ്ഞത്. ഇതിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങള്‍ ബോര്‍ഡ് അവലോകനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹൈഡ്രോക്സിക്ലോറോക്വിന്‍ താന്‍ ഒരാഴ്ച തുടര്‍ച്ചയായി കഴിച്ചിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോവിഡ് ചികിത്സക്ക് അദ്ദേഹം ഈ മരുന്ന് നല്‍കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കഴിക്കുന്നത് ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ മരുന്ന് കഴിക്കുന്നത് കാരണം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ കുഴപ്പത്തിലാക്കുമെന്നും പഠനം പറയുന്നുണ്ട്. നൂറുകണക്കിന് ആശുപത്രികളില്‍ നിന്നായി 96,000 രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുള്ള പഠനത്തില്‍ ഈ മരുന്ന് രോഗികള്‍ക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും ലാന്‍സെറ്റ് പറയുന്നു.

Exit mobile version