കൊവിഡ് 19; ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 54 ലക്ഷത്തിലേക്ക്, മരണസംഖ്യ 3.43 ലക്ഷം കടന്നു, അമേരിക്കയില്‍ മാത്രം മരിച്ചത് 98000 പേര്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുന്നു. വൈറസ് ബാധമൂലം 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചിട്ടുണ്ട്. അമേരിക്കയില്‍ മാത്രം 98000 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടിരിക്കുകയാണ്. അതേസമയം ന്യൂയോര്‍ക്കിലെ മരണനിരക്ക് താഴ്ന്നത് അമേരിക്കയ്ക്ക് ചെറിയൊരു ആശ്വാസമായി.

അതേസമയം റഷ്യയിലും ബ്രസീലിലും കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടിരിക്കുകയാണ്. സ്‌പെയിനിലെ വിവിധ നഗരങ്ങളില്‍ നടന്ന ലോക്ക്ഡൗണ്‍ വിരുദ്ധ സമരത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തത് സര്‍ക്കാരിന് പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 1.25 ലക്ഷം കവിഞ്ഞു. 6654 പേര്‍ക്കാണ് കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. മരണ സംഖ്യ 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ കണക്ക്.

Exit mobile version