‘സഹിഷ്ണുതയും സ്‌നേഹവുമാണ് ഈ ചുവടിന് പിന്നില്‍’; പിതാവിനെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിയെ അഭിനന്ദിച്ച് ഇവാന്‍ക ട്രംപ്

വാഷിംഗ്ടണ്‍: അപകടത്തില്‍ പരിക്കേറ്റ പിതാവിനെ സൈക്കിളിന്റെ പിന്നിലിരുത്തി 1200 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയ ജ്യോതികുമാരിയെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ്. സഹിഷ്ണുതയുടേയും സ്‌നേഹത്തിന്റെയും ചുവടായിരുന്നു ഇതെന്നാണ് ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചത്. അതേസമയം ഇന്ത്യയുടെ സൈക്കിളിംഗ് ഫെഡറേഷന്‍ ജ്യോതികുമാരിയെ ട്രയല്‍സിനായി ക്ഷണിച്ചതിനെയും ഇവാന്‍ക അഭിനന്ദിച്ചു.


ലോക്ക് ഡൗണ്‍ കാരണം ഹരിയാനയിലെ ഗുരുഗ്രാമില്‍ കുടുങ്ങിയ പിതാവിനെയും പിന്നിലിരുത്തി 1200 കിലോമീറ്റര്‍ ആണ് ജ്യോതികുമാരി സൈക്കിള്‍ ചവിട്ടിയത്. ഗുരുഗ്രാമില്‍ ഇ-റിക്ഷാ ഡ്രൈവറായ മോഹന്‍ പാസ്വാന്‍ കുറച്ച് മാസം മുമ്പ് വാഹനാപകടത്തില്‍പ്പെട്ട് പരിക്കേറ്റിരുന്നു. പാസ്വാനും ജ്യോതിയും ഗുരുഗ്രാമിലും അമ്മയും നാല് സഹോദരങ്ങളും ഗ്രാമത്തിലുമായാണ് താമസിച്ചിരുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ കുടുംബത്തിന്റെ വരുമാനം പൂര്‍ണമായി നിലച്ചു. വാടക നല്‍കുകയോ അല്ലെങ്കില്‍ ഒഴിയുകയോ വേണമെന്ന് ഉടമ പറഞ്ഞതോടെ ഇവര്‍ കൂടുതല്‍ ദുരിതത്തിലായി. ഇതോടെയാണ് സൈക്കിളില്‍ നാട്ടിലേക്ക് തിരിക്കാന്‍ ജ്യോതികുമാരി തീരുമാനിച്ചത്.

കൈയിലുള്ള പൈസയെല്ലാം എടുത്ത് ഒരു സൈക്കിള്‍ വാങ്ങി മെയ് 10നാണ് ജ്യോതിയും അച്ഛനും കൂടി സൈക്കിളില്‍ നാട്ടിലേക്ക് തിരിച്ചത്. മെയ് 16നാണ് ഇവര്‍ നാട്ടിലെത്തിയത്. ജ്യോതികുമാരിയെക്കുറിച്ച് അറിഞ്ഞ സൈക്ലിംഗ് ഫെഡറേഷന്‍ അടുത്ത മാസം നടക്കുന്ന ട്രയല്‍സിലേക്ക് ക്ഷണിച്ചിരുന്നു. സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഓങ്കാര്‍ സിംഗ് ആണ് ഈ വിവരം പുറത്തുവിട്ടത്. അതേസമയം ഇത്തരത്തിലൊരു അവസരം കിട്ടിയതില്‍ താന്‍ ഏറെ സന്തോഷവതിയാണെന്നും അടുത്ത മാസം നടക്കുന്ന ട്രയല്‍സില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്ക് പോകുമെന്നാണ് ജ്യോതികുമാരി ഇതിനെ കുറിച്ച് പ്രതികരിച്ചത്. ട്രയല്‍സില്‍ ജ്യോതികുമാരി വിജയിക്കുകയാണെങ്കില്‍ ദേശീയ സൈക്ലിംഗ് അക്കാദമിയില്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കുമെന്നും ഓങ്കാര്‍ സിംഗ് അറിയിച്ചിരുന്നു.

Exit mobile version