സൈക്ലിംഗ് താരമാകാനല്ല ഗതികേടുകൊണ്ടാണ് ജ്യോതികുമാരി പിതാവിനേയും വഹിച്ച് ഇത്ര ദൂരം സൈക്കിള്‍ ചവിട്ടിയത്, അതില്‍ അഭിനന്ദിക്കാനൊന്നുമില്ലെന്ന് ഇവാന്‍ക ട്രംപിനെ തിരുത്തി സമൂഹമാധ്യമങ്ങള്‍

ലോക്ഡോണിനിടെ പരിക്കേറ്റ പിതാവിനേയും പിന്നിലിരുത്തി സ്വന്തം ഗ്രാമത്തിലേക്ക് 1200 കിലോമീറ്റര്‍ ദൂരം സൈക്കിളില്‍ യാത്രതിരിച്ച 15കാരി ജ്യോതികുമാരിയുടെ വാര്‍ത്ത കഴിഞ്ഞദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ജ്യോതികുമാരിയെ ട്രയല്‍സിന് ഇന്ത്യയുടെ സൈക്ലിംഗ്ഫേഡറേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ജ്യോതികുമാരിയെ അഭിനന്ദിച്ച് കൊണ്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ മകള്‍ ഇവാന്‍ക ട്രംപ് രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ഇവാന്‍ക ജ്യോതികുമാരിയെ അഭിനന്ദിച്ചത്. എന്നാല്‍ ഇതില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ലെന്ന് ഇവാന്‍കയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ദാരിദ്ര്യവും ലോക്ഡൗണും മൂലം ഗതികെട്ടാണ് ജ്യോതി കുമാരി ഈ സാഹസത്തിന് മുതിര്‍ന്നതെന്നും ഇതില്‍ അഭിനന്ദിക്കാനും സന്തോഷിക്കാനും ഒന്നുമില്ലെന്നും ഇവാന്‍കയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു. ഗുരുഗ്രാമില്‍ ഇ ഓട്ടോ ഡ്രൈവറായിരുന്നു മോഹന്‍ പസ്വാന് ഒരു അപകടത്തില്‍ പരിക്കേറ്റതോടെയാണ് ബിഹാറിലെ ഗ്രാമത്തില്‍ നിന്നും ജ്യോതി കുമാരിയും മാതാവും പിതാവിനടുത്ത് എത്തിയത്.

അംഗണ്‍വാടി ടീച്ചറായ മാതാവ് ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും ജ്യോതികുമാരി പിതാവിനെ ശുശ്രൂഷിക്കാനായി അവിടെതന്നെ നിന്നു. ലോക്ഡൗണ്‍ മൂലം വരുമാനമില്ലാതായതോടെ ജ്യോതികുമാരിയും പിതാവും വിഷമത്തിലായി. വൈകാതെ വാടക നല്‍കിയില്ലെങ്കില്‍ വീടൊഴിണമെന്ന് വീട്ടുടമസ്ഥനും പറഞ്ഞു.

ഇതോടെയാണ് പതിനഞ്ചുകാരിയും പിതാവും സൈക്കിളില്‍ നാട്ടിലേക്ക് മടങ്ങാമെന്ന അതിസാഹസത്തിന് മുതിരുന്നത്. ആകെ കൈയ്യിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയോളം കൊടുത്ത് ഒരു പഴയ സൈക്കിള്‍ വാങ്ങി ഇരുവരും നാട്ടിലേക്ക് തിരിച്ചു. ജ്യോതികുമാരി 1200 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടി ഏഴ് ദിവസം കൊണ്ടാണ് പിതാവിനെയുംകൊണ്ട് നാട്ടിലെത്തിയത്.

സംഭവം വാര്‍ത്തയായതോടെ ജ്യോതികുമാരിയെ ട്രയല്‍സിന് ഇന്ത്യയുടെ സൈക്ലിംഗ്ഫേഡറേഷന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജ്യോതികുമാരിയുടെ വാര്‍ത്തയുടെ ലിങ്ക് സഹിതം ഇവാന്‍ക ട്രംപിന്റെ ട്വീറ്റ് . നിരവധി പേരാണ് ഇവാന്‍കയുടെ പോസ്റ്റിന് താഴെ പ്രതികരിച്ചത്.

പലരും ഇവാന്‍കയുടെ വാക്കുകളെ വിമര്‍ശിച്ചു. സൈക്ലിംഗ് താരമാകാനല്ല ഗതികേടുകൊണ്ടാണ് ജ്യോതികുമാരി പിതാവിനേയും വഹിച്ച് ഇത്ര ദൂരം സൈക്കില്‍ ചവിട്ടിയതെന്നും ഇന്ത്യയിലെ ലോക്ഡൗണ്‍ മൂലം നിരവധി മനുഷ്യരാണ് ദുരന്തത്തിലായതെന്നും ഈ കുട്ടിയും കുടുംബവും അത്തരം അനുഭവത്തിലൂടെ കടന്നുപോയവരാണെന്നും രുപ സുബ്രഹ്മണ്യം വ്യക്തമാക്കി.

പട്ടിണി കിടക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ഇവാന്‍ക വൈകാതെ തടി കുറച്ചതിനുള്ള സമ്മാനം നല്‍കുമെന്നാണ് സലില്‍ ത്രിപാതി ട്വീറ്റ് ചെയ്തത്. പട്ടിണിയേയും ദുരിതങ്ങളേയും കാല്‍പനികമായി കാണുന്നതിനെതിരെ നിരവധി പേരാണ് ഇവാന്‍കയുടെ ട്വീറ്റില്‍ മറുപടി നല്‍കിയിരിക്കുന്നത്.

Exit mobile version