ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ സഹായിക്കും കൊവിഡ്; ആശങ്കയില്‍ വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്റെ പിഎയ്ക്കും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സിഎന്‍എന്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച പേഴ്‌സണല്‍ അസിസ്റ്റന്റ് ആഴ്ചകളോളമായി ഇവാന്‍കയ്‌ക്കൊപ്പം ഉണ്ടായിരുന്നില്ലെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഓഫീസ് വക്താവായ കാറ്റി മില്ലര്‍ക്ക് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും വൈറസ് ബാധ സ്ഥിരീകരിച്ച വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം വൈറ്റ് ഹൗസ് ജീവനക്കാരില്‍ വൈറസ് ബാധ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്ലെ മക്‌നാനി പറഞ്ഞത്.

വൈറസ് ബാധ സ്ഥിരീകരിച്ച വൈറസ് പ്രസിഡന്റിന്റെ വക്താവായ കാറ്റി മില്ലര്‍ നിരവധി ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കുകയും ഉദ്യോഗസ്ഥതലത്തില്‍ നിരവധി പേരുമായി അടുത്തിടപഴകുകയും ചെയ്തിട്ടുണ്ട്. കൂടാതെ ട്രംപിന്റെ ഓഫീസ് സഹായികളില്‍ ഒരാളായ സ്റ്റീഫന്‍ മില്ലറെയാണ് അവര്‍ വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം വൈറ്റ് ഹൗസില്‍ കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ ഓഫീസിലെ കൂടുതല്‍ പേര്‍ക്ക് പരിശോധന നടത്തിവരികയാണ്. ട്രംപും മൈക്ക് പെന്‍സും ജീവനക്കാരും ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Exit mobile version