ഖഷോഗിയെ സൗദി കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തല്‍; സല്‍മാന്‍ രാജാവുമായി സംസാരിക്കുമെന്ന് ട്രംപ്

ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വാഷിംഗ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് പിന്നാലെ കാണാതായ സംഭവത്തില്‍ ഇടപെടുമെന്ന് യുഎസ്. ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായി ടെലിഫോണില്‍ സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

ഖഷോഗിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അനേകം പേര്‍. നിലവില്‍ ആര്‍ക്കും ഇതിനെ കുറിച്ച് അറിയില്ലെന്നും ട്രംപ് പറഞ്ഞു.

ഈസ്റ്റാംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോയ ഖഷോഗിയെ ഒക്ടോബര്‍ രണ്ടു മുതല്‍ കാണാതായിരുന്നു. ഖഷോഗി സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിന്റെ ഓഡിയോ, വീഡിയോ തെളിവുകള്‍ തുര്‍ക്കിയുടെ പക്കലുണ്ടെന്നു സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഖഷോഗി കൊല്ലപ്പെട്ടെന്ന ആരോപണം സൗദി നിഷേധിച്ചിരുന്നു.

ഈ മാസം രണ്ടിന് പെണ്‍സുഹൃത്തിനെ പുറത്തുനിര്‍ത്തി കോണ്‍സുലേറ്റിനുള്ളില്‍ കടന്ന ഖഷോഗിയെ പിന്നീട് പുറംലോകം കണ്ടിട്ടില്ല.

Exit mobile version