ഈ ഗള്‍ഫിനെ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നാണ് വിളിക്കുന്നത്, അല്ലാതെ ന്യൂയോര്‍ക്ക് ഗള്‍ഫെന്നോ വാഷിംഗ്ടണ്‍ ഗള്‍ഫോ അല്ലെന്ന് മനസ്സിലാക്കണം; ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ലോകത്താകമാനം കൊറോണ പടര്‍ന്ന് പിടിച്ച് ജനങ്ങള്‍ മരിക്കുമ്പോഴും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യം അയവില്ലാതെ തുടരുകയാണ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ പട്രോളിങ് നടത്തുകയായിരുന്ന അമേരിക്കന്‍ നാവികസേനയെ ഇറാന്‍ വിപ്ലവ സേന തടഞ്ഞതോടെ സംഘര്‍ഷ സാഹചര്യം ഒന്നുകൂടി മൂര്‍ച്ഛിച്ചിരിക്കുകയാണ്.

നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം വാക് പ്രയോഗങ്ങളിലൂടെയാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോള്‍ പോരടിച്ചുകൊണ്ടിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇറാനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

അമേരിക്കന്‍ കപ്പലുകള്‍ക്കെതിരെ വരുന്ന ഏത് ഇറാനിയന്‍ സൈനിക കപ്പലിനെയും വെടിവെച്ചിടണമെന്ന നിര്‍ദ്ദേശം സൈന്യത്തിന് നല്‍കിയെന്നായിരുന്നു ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ട്രംപ് പ്രതികരിച്ചതിന് പിന്നാലെ ചുട്ടമറുപടിയുമായി ഇറാനും രംഗത്തെത്തി. ഖുദ്‌സ് ഫോഴ്‌സ് തലവനായിരുന്നു ഇറാന്‍ ഭാഗത്ത് നിന്നും ട്രംപിന് ആദ്യമറുപടി നല്‍കിയത്.

ഗള്‍ഫ് മേഖലയില്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തിയാല്‍ അമേരിക്കന്‍ കപ്പലുകളെ ഇറാന്‍ തകര്‍ക്കുക തന്നെ ചെയ്യുമെന്നാണ് എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ്‌സ് മേധാവി മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞത്. ഇതിന് പിന്നാലെ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൊഹാനി തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നു.

ഈ ഗള്‍ഫിനെ പേര്‍ഷ്യന്‍ ഗള്‍ഫ് എന്നാണ് വിളിക്കുന്നത്. അല്ലാതെ ന്യൂയോര്‍ക്ക് ഗള്‍ഫെന്നോ വാഷിംഗ്ടണ്‍ ഗള്‍ഫോ അല്ലെന്ന് അമേരിക്കക്കാര്‍ മനസ്സിലാക്കണമെന്നാണ് ഹസന്‍ റൊഹാനി പറഞ്ഞു. പേര്‍ഷ്യന്‍ ഗള്‍ഫ് എന്ന പേരിന്റേയും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഒരു തീരദേശ രാഷ്ട്രം ഈ ജലപാതയെ സംരക്ഷിച്ച് നിര്‍ത്തുന്നതിന്റേയും സ്ഥിതി അവര്‍ മനസ്സിലാക്കണമെന്നും ഹസന്‍ റൊഹാനി പറഞ്ഞു.

അവര്‍ എല്ലാ ദിവസം ഇറാനെതിരെ ഗുഡാലോചന നടത്തരുത്. വിപ്ലവത്തിന്റെ രക്ഷാധികാരികളായ ഞങ്ങളുടെ സായുധ സേനയിലെ സൈനികര്‍, ബാസിജ് (അര്‍ദ്ധസൈനിക സംഘടന), പോലീസ് എന്നിവര്‍ എല്ലായ്‌പ്പോഴും പേര്‍ഷ്യന്‍ ഗള്‍ഫിന്റെ രക്ഷാധികാരികളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ഇതിന് മറുപടിയൊന്നും അമേരിക്ക നല്‍കിയിട്ടില്ല. അമേരിക്കയെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെയും ഇറാന്‍ രംഗത്തെത്തിയിരുന്നു. കൊറോണ പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുക്കുമ്പോഴും രാജ്യത്തിനുമേലുള്ള വിലക്കുകള്‍ എടുത്തുമാറ്റാത്ത അമേരിക്കയുടെ നയത്തെ മെഡിക്കല്‍ തീവ്രവാദമെന്നായിരുന്നു ഇറാന്‍ വിശേഷിപ്പിച്ചത്.

Exit mobile version