ശരീരത്തിൽ അണുനാശിനി കുത്തിവെച്ചും അൾട്രാവയലറ്റ് രശ്മി ശരീരത്തിലൂടെ കടത്തി വിട്ടും കൊറോണയെ വേഗത്തിൽ നശിപ്പിക്കാം; ലോകത്തെ അമ്പരപ്പിച്ച് ട്രംപിന്റെ വാക്കുകൾ

വാഷിങ്ടൺ: കൊവിഡ് രോഗത്തെ നേരിടാൻ വാക്‌സിൻ കണ്ടുപിടിക്കാൻ ലോകം പരിശ്രമിക്കുന്നതിനിടെ മണ്ടത്തരം പറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡ് ബാധിച്ചവരുടെ ശരീരത്തിൽ അണുനാശിനി കുത്തിവെച്ച് കൊറോണ വൈറസിനെ കൊല്ലുക എന്നതാണ് ട്രംപ് അവതരിപ്പിച്ചിരിക്കുന്ന പുതിയ തന്ത്രം. വൈറ്റ് ഹൗസിൽ മാധ്യമങ്ങളുമായി സംസാരിക്കുമ്പോഴാണ് ട്രംപ് പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്. ഈ പ്രസ്താവന വലിയ പരിഹാസത്തിനും വിമർശനങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്.

സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തിൽ നശിപ്പിക്കുമെന്ന ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കൊറോണ വൈറസിനെ തുരത്താൻ പുതിയ ആശയം ട്രംപ് അവതരിപ്പിച്ചിരിക്കുന്നത്. അൾട്രാ വയലറ്റ് രശ്മികൾ വൈറസുകളിൽ ആഘാതം സൃഷ്ടിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ടെന്നും വേനൽക്കാലത്ത് വൈറസിന്റെ വ്യാപനം തടയുന്നത് എളുപ്പമാകുമെന്നാണ് കരുതുന്നതെന്നും യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറിയുടെ ശാസ്ത്ര സാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാൻ വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

ബ്രയാൻ സംസാരിച്ചതിനു ശേഷമാണ് ട്രംപ് ഇതിന് പിന്നിലുള്ള തന്റെ അറിവ് പങ്കുവെച്ചത്. വീര്യമേറിയ പ്രകാശരശ്മികൾ ഉപയോഗിച്ച് രോഗിയുടെ ശരീരത്തിലെ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കില്ലേ എന്ന കാര്യം പരീക്ഷിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. കൊറോണ വൈറസ് പ്രവേശിക്കുന്നതും പെരുകുന്നതും ശ്വാസകോശത്തിലാണ് എന്ന് നമുക്കറിയാം. കുത്തിവെപ്പ് പോലുള്ള എന്തെങ്കിലും മാർഗം ഉപയോഗിച്ച് വൈറസിനെ ഇല്ലാതാക്കി, ശരീരം പൂർണമായും ശുദ്ധീകരിക്കാൻ കഴിയുമോ എന്നാണു പരീക്ഷിക്കേണ്ടത്. അൾട്രാ വയലറ്റ് രശ്മികളോ അതിശക്തമായ പ്രകാശരശ്മികളോ ശരീരത്തിലേക്ക് വീര്യത്തോടെ കടത്തിവിട്ടാൽ മതിയാവും. ത്വക്കിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ കിരണങ്ങൾ ഉള്ളിൽ കടത്തി ശരീരത്തിനുള്ളിലെ വൈറസുകളെ ഇല്ലായ്മ ചെയ്യാനുള്ള പരീക്ഷണം ഗവേഷകർ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയായാൽ ഒരു മിനിറ്റുകൊണ്ട് കൊറോണയെ നശിപ്പിക്കാൻ കഴിയും. ഇതു തീർച്ചയായും വളരെ രസകരമായ കാര്യമാണ്. അത്തരത്തിൽ പരീക്ഷണം നടക്കണം- ട്രംപിന്റെ വാക്കുകൾ ഇങ്ങനെ.

അതേസമയം, ശരീരത്തിൽ ഏതു വിധത്തിലുള്ള അണുനാശിനിയാണ് ശരീരത്തിനുള്ളിൽ പ്രയോഗിക്കുക എന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രസംഗത്തിൽ സൂചനകളൊന്നും ഉണ്ടായിരുന്നില്ല.

Exit mobile version