177,608 മരണം, 25 ലക്ഷം കടന്ന് രോഗബാധിതര്‍, കൊറോണ ഭീതിയില്‍ കഴിയുന്ന ലോകം കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍, മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: ലോകത്താകമാനം കാട്ടുതീപോലെ പടര്‍ന്ന് കൊറോണ വൈറസ് കവര്‍ന്നെടുത്ത് 177,608 ജീവനുകള്‍. രോഗബാധിതരുടെ എണ്ണം ഇതിനോടകം 25 ലക്ഷം പിന്നിട്ടു. കൊറോണയെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും മറ്റു നിയന്ത്രണങ്ങളും മൂലം ഈ വര്‍ഷം 130 ദശലക്ഷം പേര്‍ കടുത്ത പട്ടിണിയിലാവാന്‍ സാധ്യതയുണ്ടെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നു.

കൊറോണ വ്യാപിച്ചുകൊണ്ടിരിക്കുന്ന യുഎസിലെ സ്ഥിതി അതീവഗുരുതരമായി മാറിയിരിക്കുകയാണ്. 44,845 പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച മാത്രം യുഎസില്‍ 2751 പേരുടെ ജീവന്‍ കൊറോണ കവര്‍ന്നു. രാജ്യത്തെ രോഗബാധിതരുടെ എണ്ണം എട്ട് ലക്ഷം കടന്നിട്ടുണ്ട്. 24 മണിക്കൂറിനിടെ 40000 ത്തോളം പുതിയ കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സ്‌പെയിനില്‍ 430 ഉം ഇറ്റലിയില്‍ 534 ഉം മരണങ്ങളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇറ്റലിയിലെ ആകെ മരണം 24,6480 ഉം സ്‌പെയിനിലെ മരണസംഖ്യ 21,282 ഉം ആയിട്ടുണ്ട്. യു.കെയില്‍ 24 മണിക്കൂറിനിടെ 828 മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ 531 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

അതേസമയം, കൊറോണയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോകത്ത് പട്ടിണി പതിന്മടങ്ങ് വര്‍ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നവരുടെ എണ്ണം 265 ദശലക്ഷമായി ഉയരുമെന്ന് യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. ലോക്ക്ഡൗണ്‍, മറ്റു നിയന്ത്രണങ്ങള്‍ എന്നിവയുടെ ആഘാതം ഈ വര്‍ഷം 130 ദശലക്ഷം പേരെ കടുത്ത പട്ടിണിയിലാക്കിയേക്കുമെന്നും യുഎന്‍ മുന്നറയിപ്പ് നല്‍കുന്നു.

Exit mobile version