ഇത് കോവിഡിന്റെ ഭീകരത: ഒരു പേജുപോലും ചരമവാര്‍ത്തയ്ക്ക് മാറ്റിവയ്ക്കാത്ത പത്രത്തിന്റെ 15 പേജുകളില്‍ നിറയുന്നത് ചരമവാര്‍ത്തകള്‍

വാഷിംങ്ടണ്‍: ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ നിറയുന്നത് കോവിഡ് മഹാമാരിയുടെ വാര്‍ത്തകളാണ്. ഒന്നരലക്ഷത്തിലധികം ജീവന്‍ കവര്‍ന്ന മഹാമാരിയുടെ ഭീകര മുഖം വാര്‍ത്തകളും ചിത്രങ്ങളും പറയുന്നുണ്ട്.

കോവിഡ് ഏറ്റവും അധികം ജീവന്‍ കവര്‍ന്നിരിക്കുന്നത് അമേരിക്കയിലാണ്. അതിന്റെ ഭീകര മുഖം തുറന്നുകാട്ടുകയാണ് അമേരിക്കന്‍ ദിനപത്രമായ ബോസ്റ്റണ്‍ ഗ്ലോബ്.
ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് പോലും മാറ്റിവയ്ക്കാത്ത പത്രം ഇപ്പോള്‍ 15 പേജുകളില്‍ അച്ചടിയ്ക്കുന്നത് ചരമ വാര്‍ത്തകളാണ്.

കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ചത്തെ പത്രം.

‘ഒരു മാസം മുമ്പ് ബെര്‍ഗാമോ ഇറ്റലിയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പേജുകള്‍ ഒന്നിനു പിറകെ ഒന്നായി കാണിച്ചിരുന്നു. ഇതാ ബോസ്റ്റണ്‍ ഗ്ലോബ് ഏപ്രില്‍ 19, 2020. 15 പേജുകള്‍.’ ചരമപേജുകള്‍ പങ്കുവെച്ചു കൊണ്ട് നഥാനിയേല്‍ മുല്‍കാഹി എന്നയാള്‍ കുറിച്ചു.

അമേരിക്കയില്‍ ഇതുവരെ 7,58,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 41,000 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Exit mobile version