കൊറോണയില്‍ വിറങ്ങലിച്ച് ലോകം; രോഗബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്, 134,354 മരണം

വാഷിങ്ടണ്‍: ഭീതി ഇരട്ടിപ്പിച്ച് ലോകത്താകമാനം കൊറോണ ബാധിതരുടെ എണ്ണം 21 ലക്ഷത്തിലേക്ക്. ലോകത്താകമാനം ഇതുവരെ 2,060,927 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി കണക്കുകള്‍ പറയുന്നു. 134,354 പേരുടെ ജീവനാണ് കൊറോണ കവര്‍ന്നെടുത്തത്.

185 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും അമേരിക്കയിലാണ്. രോഗം സ്ഥിരീകരിച്ച 637,359 പേരില്‍ 28,529 പേര്‍ മരിച്ചു. ബുധനാഴ്ച മാത്രം 2,459 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയില്‍ മരണം 21,600 കവിഞ്ഞു. രോഗികള്‍ 165,155 ആയി.

സ്‌പെയ്‌നില്‍ രോഗബാധിതരുടെ എണ്ണം 1.9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 18,812 ആയി വര്‍ധിച്ചു. ഫ്രാന്‍സിലും മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. കഴിഞ്ഞ ദിവസം 1500ഓളം പേര്‍ മരിച്ചു. ആകെ ആള്‍നാശം 17,167 ആയി. ബ്രിട്ടണില്‍ മരണസംഖ്യ 13,000ത്തോളമായി. ജര്‍മനിയില്‍ 134,753 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു.

3804 പേര്‍ മരിച്ചു. ഇറാനിലും ബെല്‍ജിയത്തിലും മരണം അയ്യായിരത്തോടടുക്കുന്നു. നെതര്‍ലാന്‍ഡില്‍ മരണസംഖ്യ മൂവായിരവും കാനഡയില്‍ ആയിരവും കടന്നു. ഇന്ത്യയില്‍ 11,933 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 392 പേരാണ് ഇതിനോടകം വൈറസ് ബാധിച്ച് മരിച്ചത്.

അതേസമയം, കൊറോണ രോഗം പൂര്‍ണമായും ഭേദമായവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 511,356 പേര്‍ ഇതുവരെ രോഗമുക്തരായി. ചൈനയിലാണ് കൂടുതല്‍ രോഗമുക്തരുള്ളത്, 78,311 പേര്‍. ജര്‍മനിയില്‍ 72,600 പേര്‍ക്ക് രോഗം ഭേദമായി. സ്‌പെയ്‌നില്‍ 70,853 പേരും അമേരിക്കയില്‍ 52,305 പേരും രോഗംമാറി ആശുപത്രിവിട്ടു.

Exit mobile version