മിസൈലുകളും ടോര്‍പ്പിഡോകളും ഇന്ത്യക്ക് വില്‍ക്കാന്‍ തയ്യാറായി ട്രംപ്; 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് അനുമതി

വാഷിങ്ടണ്‍: മിസൈലുകളും ടോര്‍പ്പിഡോകളും ഇന്ത്യക്ക് വില്‍ക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. ഇന്ത്യയുമായി 155 മില്യണ്‍ ഡോളറിന്റെ ആയുധ കരാറിന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് ആകാശത്തു നിന്ന് തൊടുക്കാന്‍ കഴിയുന്ന മിസൈലുകളും ഭാരം കുറഞ്ഞ ടോര്‍പ്പിഡോകളും വില്‍ക്കാനുള്ള തീരുമാനം.

ഹാര്‍പൂണ്‍ ബ്ലോക് II മിസൈലുകളും എംകെ 54 ടോര്‍പ്പിഡോകളും ഇന്ത്യക്ക് വില്‍ക്കാനാണ് കരാര്‍. 10 എജി.എം -84 എല്‍ ഹാര്‍പൂണ്‍ ബ്ലോക്ക് II മിസൈലുകള്‍ക്ക് 92 ദശലക്ഷം യുഎസ് ഡോളറാണ് വില പ്രതീക്ഷിക്കുന്നത്. 16 എം.കെ 54 ലൈറ്റ്‌വെയ്റ്റ് ടോര്‍പിഡോകള്‍ക്കും മൂന്ന് എം.കെ 54 എക്‌സര്‍സൈസ് ടോര്‍പ്പിഡോകള്‍ക്കും 63 ദശലക്ഷം ഡോളര്‍ ചിലവ് വരുമെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു.

സമുദ്ര പാതകളിലെ സുരക്ഷക്കായി ഹാര്‍പൂണ്‍ മിസൈല്‍ സംവിധാനം ഇന്ത്യന്‍ നേവിയുടെ കൂടി ഭാഗമായ പി -8 ഐ വിമാനത്തിന്റെ ഭാഗമാക്കാന്‍ കഴിയുമെന്ന് പെന്റഗണ്‍ പറയുന്നു. ഹാര്‍പൂണ്‍ മിസൈലുകള്‍ ബോയിങ് നിര്‍മ്മിക്കുമെങ്കിലും ടോര്‍പ്പിഡോകള്‍ റെയ്തോണാണ് വിതരണം ചെയ്യുക. ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ മിസൈലുകളും ടോര്‍പ്പിഡോകളും വില്‍ക്കാന്‍ തീരുമാനമെടുത്തതെന്ന് പെന്റഗണ്‍ അറിയിച്ചു.

Exit mobile version