ചെരുപ്പിലൂടെയും കൊറോണ പകരും, കംപ്യൂട്ടര്‍ മൗസ്, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കും; പഠനം

വാഷിങ്ടണ്‍: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ജനം രണ്ടു മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണമെന്ന് പുതിയ പഠനം. ബെയ്ജിങ്ങിലെ അക്കാദമി ഓഫ് മിലിറ്ററി മെഡിക്കല്‍ സയന്‍സിലെ ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് വായുവിലൂടെ നാലു മീറ്റര്‍ (13 അടി) വരെ ദൂരത്തില്‍ പടരാമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ (സിഡിസി) ജേണലായ എമേര്‍ജിങ് ഇന്‍ഫെക്ഷ്യസ് ഡിസീസസിലാണ് ചൈനീസ് ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നിലവില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതിനേക്കാള്‍ രണ്ടിരട്ടി ദൂരം വരെ വൈറസിന് പ്രഭാവം ഉണ്ടെന്ന പഠനത്തില്‍ വ്യക്തമാക്കുന്നു.

കൊറോണ വാര്‍ഡാണ് ഗവേഷകര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. വുഹാനിലെ ഹുവോഷെന്‍ഷന്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡിലെ ജനറല്‍ വാര്‍ഡില്‍നിന്നും ഐസിയുവില്‍ നിന്നുമുള്ള സാംപിളുകളാണ് ഇവര്‍ പരിശോധിച്ചത്. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് മൂന്നു വരെ ഇവിടെയുണ്ടായിരുന്ന 24 രോഗികളെയാണ് പഠനവിധേയമാക്കിയത്.

വൈറസ് എങ്ങനെയെല്ലാം പടരാം എന്നതിനെക്കുറിച്ച് പഠനവിധേയമാക്കുന്നതിന്റെ ഭാഗമായി കൊറോണ വാര്‍ഡുകളിലെ മുറികളിലെ പ്രതലത്തിലുള്ളതും വായുവിലുള്ളതുമായ സാംപിളുകള്‍ ഇവര്‍ ശേഖരിച്ചു. വാര്‍ഡുകളുടെ നിലത്താണ് വൈറസ് കൂടുതലായും കാണപ്പട്ടതെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗുരുത്വാകര്‍ഷണ ബലം കൊണ്ടാകാം ഇത്. തുമ്മുന്നതിലൂടെയും ചുമയ്ക്കുന്നതിലൂടെയും പുറത്തുവരുന്ന വൈറസ് കൂടുതലും ഏതെങ്കിലും പ്രതലത്തിലാണ് പറ്റിപ്പിടിക്കുക. ആളുകള്‍ എപ്പോഴും തൊടുന്ന പ്രതലമാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്നും കംപ്യൂട്ടര്‍ മൗസ്, മാലിന്യക്കൊട്ടകള്‍, കട്ടില്‍, വാതില്‍പ്പിടികള്‍ തുടങ്ങിയവയില്‍ വൈറസ് കൂടുതല്‍ പറ്റിപ്പിടിച്ചിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ ഐസിയുവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ചെരുപ്പുകളില്‍ വൈറസ് പറ്റിപ്പിടിച്ച് ഇരിക്കുന്നതായും കണ്ടെത്തി.ചെരുപ്പുപോലും വൈറസ് വാഹകരാകുമെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതേസമയം, ചെരുപ്പിലൂടെ വൈറസ് പകരാമെന്ന സാധ്യത നേരത്തെ ഇറ്റലിയിലെ ആരോഗ്യപ്രവര്‍ത്തകരും സൂചിപ്പിച്ചിരുന്നു.

Exit mobile version