കൊവിഡ് നെഗറ്റീവ് ആയവരെ പുറത്തുവിടുന്നത് സുരക്ഷിതമല്ല; ഫലം നെഗറ്റീവായവരിലും കൊറോണ വൈറസ് ഉണ്ടാകാം; മുന്നറിയിപ്പ് നൽകി ഗവേഷകർ

വാഷിങ്ടൺ: നാല് മാസം മാത്രം പഴക്കമുള്ള കോവിഡ് രോഗത്തെ കുറിച്ച് ആധികാരികമായി ഇപ്പോൾ ഒന്നും പറയുന്നത് ശരിയല്ലെന്ന് അഭിപ്രായപ്പെട്ട് വിദഗ്ധർ. കൊവിഡ്19 രോഗബാധിതരുടെ പരിശോധനാ ഫലം നെഗറ്റീവായാലും ശരീരത്തിൽ വൈറസ് ഉണ്ടായേക്കാമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്. രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്നത് വലിയ ആശങ്ക ഉണർത്തുന്നതിനിടെയാണ് മുന്നറിയിപ്പുമായി അമേരിക്കൻ ഗവേഷകർ രംഗത്തെത്തിയിരിക്കുന്നത്.

കൊവിഡ് പരിശോധനയിൽ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയവരിലും കൊറോണ വൈറസ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയത്. രോഗപ്പകർച്ച നിയന്ത്രിക്കാനായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് എടുത്തുകളയാൻ ആലോചിക്കുന്നതിനിടെ പുറത്തുവന്ന മുന്നറിയിപ്പ് വലിയ ആശങ്കയാണ് ഇന്ത്യയ്ക്ക് ഉൾപ്പടെ നൽകുന്നത്.

രോഗലക്ഷണങ്ങൾ ഉള്ളവരുടെ മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന സ്രവ സാമ്പിളുകൾ പരിശോധിച്ചാണ് നിലവിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. പിസിആർ (പോളിമെറൈസ് ചെയിൻ റിയാക്ഷൻ) ടെസ്റ്റാണ് രോഗ പരിശോധനയ്ക്ക് നിലവിൽ ഉപയോഗിക്കുന്ന രീതി. എന്നാൽ പരിശോധനയുടെ ഫലത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടെന്നാണ് മിനസോട്ട മയോ ക്ലിനിക്കിലെ ഡിസീസ് സ്‌പെഷ്യലിസ്റ്റ് പ്രിയ സമ്പത്കുമാർ പറയുന്നത്.

സാമ്പിൾ ശേഖരിക്കുന്ന സമയത്ത് എത്രത്തോളം വൈറസ് രോഗിയുടെ ശരീരത്തിൽ ഉണ്ട്, സാമ്പിൾ ശേഖരിച്ചതിലെ കൃത്യത, സാമ്പിൾ ശേഖരിച്ചതിന് ശേഷം എത്രസമയത്തിന് ശേഷമാണ് പരിശോധന നടന്നത് തുടങ്ങിയ കാര്യങ്ങൾ രോഗ നിർണയത്തെ സ്വാധീനിക്കും.

കൊവിഡ്19 ലോകത്ത് ആദ്യം റിപ്പോർട്ട് ചെയ്തിട്ട് നാലുമാസം മാത്രമേ ആയിട്ടുള്ളു. അതിനാൽ ടെസ്റ്റിന്റെ വിശ്വാസ്യതയേപ്പറ്റി പ്രാഥമികമായ വിവരങ്ങൾ മാത്രമേയുള്ളുവെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

നിരവധി കമ്പനികളാണ് ഇപ്പോൾ പരിശോധനാ കിറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഇവയെല്ലാം ചെറിയ വ്യത്യാസങ്ങൾ ഉള്ളവയുമാണ്. നിരവധി കാരണങ്ങളാൽ പരിശോധനാ ഫലത്തിൽ ഒരുശതമാനം തെറ്റായ റിസൾട്ട് വരാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ ഒറ്റ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഗവേഷകർ പറയുന്നു. കൂടാതെ തെറ്റായ നെഗറ്റീവ് ഫലം കാണിച്ചയാളെ പെട്ടെന്ന് സമൂഹത്തിലേക്ക് സാധാരണ ഗതിയിൽ ഇടപഴകാൻ അനുവദിക്കുന്നത് കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ ഇടയാക്കുമെന്ന് ബാൽട്ടിമോറിലെ ജോൺ ഹോപ്കിൻസ് ആശുപത്രി എമർജൻസി ഫിസിഷ്യൻ ഡാനിയേൽ ബ്രെണറും വ്യക്തമാക്കി.

Exit mobile version