കോവിഡ് കവര്‍ന്നത് ഏഴായിരലത്തിലധികം ജീവനുകള്‍: ഇരകളെ കൂട്ടക്കുഴിമാടമൊരുക്കി യാത്രയാക്കി ന്യൂയോര്‍ക്ക്; ഞെട്ടലോടെ ലോകം

ന്യൂയോര്‍ക്ക്: കോവിഡ് മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുമ്പോള്‍ ഒരു ലക്ഷത്തിനടുത്ത് ജീവനുകള്‍ നഷ്ടമായിത്തഴിഞ്ഞു. ചൈനയില്‍ നിന്നും തുടങ്ങിയ മഹാമാരി ഏറ്റവുമധികം ജീവനുകള്‍ കവര്‍ന്നിരിക്കുന്നത് ന്യൂയോര്‍ക്കിലേതാണ്. 7000 പേരാണ് ഇതിനകം കോവിഡ് 19 ബാധിച്ച് ഇവിടെ മരിച്ചത്. കോവിഡ് 19 ദുരന്തം വിതച്ച സ്പെയിനിലും(1,53,000) ഇറ്റലിയിലും(1,43,000) വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലും (82,000) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനേക്കാള്‍ അധികമാണിത്.

ന്യൂയോര്‍ക്കില്‍ മരണസംഖ്യ അതിവേഗം ഉയരുന്ന സാഹചര്യത്തില്‍ മരിച്ചവര്‍ക്ക് നിത്യനിദ്രയൊരുക്കാന്‍ അറ്റകൈ പ്രയോഗിക്കുകയാണ് അധികൃതര്‍.
നഗരത്തിന്റെ ഒരു ഭാഗത്ത് കൂട്ടക്കുഴിമാടമൊരുക്കിയാണ് കോവിഡ് ഇരകളെ ന്യൂയോര്‍ക്ക് നഗരം യാത്രയാക്കുന്നത്. ന്യൂയോര്‍ക്ക് നഗരത്തില്‍ ഉറ്റവരില്ലാതെ മരിക്കുന്നവരെ സംസ്‌കരിക്കാന്‍ മുമ്പ് ഉപയോഗിച്ചിരുന്ന ഹാര്‍ട് ദ്വീപാണ് ഒടുവില്‍ കോവിഡ് ഇരകള്‍ക്കും നിത്യനിദ്രക്ക് ഇടമായിമാറിയത്.

വലിയ മണ്ണുമാന്തി യന്ത്രങ്ങളുപയോഗിച്ച് നീളത്തില്‍ കുഴികളൊരുക്കി വാഹനങ്ങളില്‍ മൃതദേഹങ്ങളെത്തിച്ച് ഒന്നിച്ച് സംസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സുരക്ഷാ കവചമണിഞ്ഞ തൊഴിലാളികള്‍ വലിയ കുഴിയില്‍ കൂട്ടമായി ശവപ്പെട്ടികള്‍ അടക്കം ചെയ്യുന്നതിന്റെ ഡ്രോണ്‍ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശവപ്പെട്ടികള്‍ അടുക്കി വെച്ചിരിക്കുന്ന കുഴിമാടത്തിലേക്ക് ജോലിക്കാര്‍ ഇറങ്ങുന്നത് ഒരു ഗോവണിയുടെ സഹായത്താലാണ്.

നിലവിലെ പ്രതിസന്ധി മറികടക്കുന്നത് വരെ താല്ക്കാലികമായ ശവമടക്ക് രീതി അവലംബിച്ചേ മതിയാകൂ എന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡെ ബ്ലാസിയോ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

യുഎസില്‍ മരണസംഖ്യ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാകാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ടാസ്‌ക്ഫോഴ്സ് അഭിപ്രായപ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായതോടെ മരണസംഖ്യ 60,000 കടക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോവിഡ് 19 ടാസ്‌ക് ഫോഴ്സില്‍ അംഗമായ ഡോ. ആന്റണി ഫൗസി പറഞ്ഞു.

അസുഖബാധിതരായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോയും അവകാശപ്പെട്ടിരുന്നു. സാമൂഹിക അകലം പാലിക്കുന്നത് ഫലം ചെയ്യുന്നുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 16,500 മരണം ഉള്‍പ്പടെ 4,62,000 കേസുകളാണ് ഇതുവരെ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version