കൊവിഡ് 19; ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം മരിച്ചത് 731 പേര്‍, അമേരിക്കയില്‍ മരണസംഖ്യ 12,000 കവിഞ്ഞു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം ഇന്നലെ ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത് 731 പേര്‍. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വൈറസ് ബാധിതര്‍ ഉള്ളതും ന്യൂയോര്‍ക്കിലാണ്. അമേരിക്കയില്‍ ഇതുവരെ 12,841 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,970 പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്.

അതേസമയം ഫ്രാന്‍സില്‍ ഇന്നലെ മാത്രം വൈറസ് ബാധമൂലം മരിച്ചത് 1,417 പേരാണ്. ഇതോടെ ഫ്രാന്‍സിലെ മരണസംഖ്യ പതിനായിരം കവിഞ്ഞു. 10,328 പേരാണ് ഇതുവരെ വൈറസ് ബാധമൂലം ഫ്രാന്‍സില്‍ മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. ഇറ്റലി, സ്പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.

സ്പെയിനില്‍ വൈറസ് ബാധമൂലം ഇതുവരെ മരിച്ചത് 14,045 പേരാണ്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 604 പേരാണ്. ഇതുവരെ 17,127 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ മരിച്ചത്. യുകെയില്‍ ഇന്നലെ 786 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6159 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ചികിത്സയിലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരമായി തുടരുകയാണ്. ആഗോളതലത്തില്‍ വൈറസ് ബാധമൂലം ഇതുവരെ 82,023 പേരാണ് മരിച്ചത്. 1,430,528 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version