ശ്വസിക്കുമ്പോഴും സൂക്ഷിക്കുക; കൊറോണ വൈറസ് വായു വഴിയും പടരുമെന്ന് പഠനം

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുമായി അമേരിക്കയിലെ പ്രഗത്ഭരായ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് വായു വഴിയും പടരുമെന്നും സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

അമേരിക്കന്‍ പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസിയാണ് ഫോക്‌സ് ന്യൂസിനോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആളുകള്‍ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തു വരുന്ന വൈറസ് അടങ്ങിയ ദ്രവകണങ്ങളിലൂടെ മാത്രമേ രോഗം മറ്റൊരാളിലേക്ക് പടരൂ എന്നായിരുന്നു ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്.

അതിനനുസരിച്ചുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളാണ് ലോകമെമ്പാടുമുള്ള ആരോഗ്യപ്രവര്‍ത്തകരും ഭരണകൂടങ്ങളും ഇതുവരെ സ്വീകരിച്ചിരുന്നത്. ഇക്കാരണങ്ങളാല്‍ ഏവരും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന തീരുമാനങ്ങളില്‍ പല ഭരണകൂടങ്ങളെയും കൊണ്ടെത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ പഠനങ്ങള്‍ പൂര്‍ണമായും ശരിയല്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.

അന്തരീക്ഷത്തിലെ ജലകണങ്ങളിലൂടെ മാത്രമേ വൈറസ് പടരൂ എന്നത് പൂര്‍ണമായും ശരിയല്ലെന്നും വായുവിലൂടെ സൂക്ഷ്മകണികകളായി വൈറസ് പടരുമെന്നുമാണ് പുതിയ പഠനത്തിലെ ഇതുവരെയുള്ള കണ്ടെത്തല്‍. പഠനം ഇതുവരെ തീര്‍പ്പിലെത്തിയിട്ടില്ല.

പുതിയ പഠനം ചൂണ്ടിക്കാട്ടി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വൈറ്റ്ഹൗസിന് ഏപ്രില്‍ ഒന്നിന് കത്തയച്ചിരുന്നു. സാധാരണമായി ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് വായു വഴി സഞ്ചരിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

‘ചുമയ്ക്കുകയും തുമ്മുകയും ചെയ്യുന്ന ഒരാളുടെ എതിരെ നിന്ന് സംസാരിക്കുന്ന വ്യക്തിയിലേക്കും വൈറസ് പടരുമെന്ന് അടുത്തിടെ പഠനം വന്നിരുന്നു. അതിനാല്‍ മാസ്‌ക് ഉപയോഗിക്കേണ്ടതിനുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ വരെ മാറ്റം വരുത്തേണ്ടി വരും’, പകര്‍ച്ചവ്യാധി വകുപ്പ് തലവന്‍ അന്തോണി ഫൗസി പറഞ്ഞു.

രോഗം ബാധിച്ചയാളും രോഗികളെ പരിചരിക്കുന്നവരും മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു നേരത്തെയുള്ള അധികൃതരുടെ നിര്‍ദേശങ്ങള്‍. എന്നാല്‍ സൂക്ഷ്മകണങ്ങളായി വൈറസുകള്‍ വായുവിലൂടെ സഞ്ചരിക്കുമെന്ന പഠനം എല്ലാവരും മാസ്‌ക് നിര്ബന്ധമായും ധരിക്കണമെന്ന തീരുമാനത്തിലാവും ഭരണകൂടങ്ങളെ കൊണ്ടുചെന്നെത്തിക്കുക.

Exit mobile version