കൊറോണ ബാധിച്ച് ഒരുലക്ഷം പേര്‍ മരിക്കും, 10 ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കും; മുന്നറിയിപ്പുമായി പ്രമുഖ ആരോഗ്യ വിദഗ്ധന്‍

വാഷിങ്ടണ്: അമേരിക്കയില്‍ കൊറോണ വൈറസ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ 142,000 ആളുകളിലാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 2350 പേര്‍ വൈറസ് ബാധിച്ചു മരിച്ചു. ആശങ്ക തുടരുന്നതിനിടെ അമേരിക്കയിലെ മരണസംഖ്യ ഒരുലക്ഷം കവിയുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ പ്രമുഖ ആരോഗ്യ വിദഗ്ധന്‍ ഡോ ആന്റണി ഫൗസി.

നിലവിലുള്ള വൈറസ് വ്യാപനത്തിന്റെ ഈ കണക്കുകള്‍ വെച്ച് നോക്കിയാല്‍ കൂടുതല്‍ ആളുകള്‍ രോഗബാധിതരാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അത് ശരിയായിരിക്കുമെന്നും അമേരിക്കയില്‍ 10 ലക്ഷത്തിന് മുകളിലുള്ള ജനതയെ കൊറോണ ബാധിക്കുമെന്നും ആന്റണി ഫൗസി പറയുന്നു.

അമേരിക്കയിലെ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും ഡോ ആന്റണി ഫൗസി വ്യക്തമാക്കി. വൈറസ് ബാധിച്ച് ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം വരെ ആളുകള്‍ മരിച്ചേക്കാം. ദശലക്ഷക്കണക്കിന് ആളുകളില്‍ രോഗം വന്നേക്കാമെന്നും വളരെവേഗം പടരുന്നതിനാല്‍ അതിന്റെ പിടിയിലകപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളും എല്ലാ മെട്രോ നഗരങ്ങളിലും രോഗം പടര്‍ന്നുപിടിച്ചേക്കുമെന്ന് വൈറ്റ് ഹൗസിന്റെ കൊറോണ ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. ദെബോറ ബ്രിക്‌സ് പറയുന്നു. അതേസമയം രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നത് കാരണം അമേരിക്കയില്‍ പലയിടത്തും ആശുപത്രികള്‍ നിറഞ്ഞു. അവശ്യമരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും ക്ഷാമം നേരിടുന്നുണ്ട്.

Exit mobile version