മഹാമാരിയുടെ അടുത്ത കേന്ദ്രം അമേരിക്കയായിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്നു; ഇന്നലെ മാത്രം മരിച്ചത് ഇരുന്നൂറിലധികം പേര്‍

ന്യൂയോര്‍ക്ക്: ലോകരാജ്യങ്ങളൊക്കെ ഇപ്പോള്‍ കൊവിഡ് 19 വൈറസിന്റെ ഭീതിയിലാണ്. ലോകത്താകമാനമായി നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മഹാമാരിയുടെ അടുത്ത കേന്ദ്രം അമേരിക്കയായിരിക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് യാഥാര്‍ത്ഥ്യമാകുന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൈറസ് ബാധമൂലം ഇന്നലെ മാത്രം ഇരുന്നൂറിലധികം പേരാണ് യുഎസില്‍ മരിച്ചത്. പതിനായിരത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.

ജനുവരി അവസാനത്തോടെയാണ് യുഎസില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം അതിവേഗത്തിലാണ് അവിടെ വൈറസ് വ്യാപിച്ചത്. 921 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. അതിവേഗത്തിലാണ് വൈറസ് യുഎസില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്. ചൊവ്വാഴ്ച 164 പേരാണ് മരിച്ചത്. എന്നാല്‍ ബുധനാഴ്ച ആയപ്പോഴേക്കും 216 പേരാണ് മരിച്ചത്. അനുദിനം അമേരിക്കയില്‍ മരണസംഖ്യ കൂടിക്കൊണ്ടിരിക്കുകയാണ്.

ചൈനക്കും ഇറ്റലിക്കും ശേഷം യുഎസാകും കൊവിഡ് വൈറസിന്റെ അടുത്ത ആഘാതകേന്ദ്രമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്. രോഗം വ്യാപിക്കുന്നതിന്റെ തോത് നല്‍കുന്ന സൂചന അതാണെന്ന് ഡബ്ല്യുഎച്ച്ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് ചൂണ്ടിക്കാട്ടിയത്. കഴിഞ്ഞദിവസങ്ങളില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 85 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version