കൊറോണ; ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5476 ആയി ഉയര്‍ന്നു, അറുപതിനായിരത്തിലധികം പേര്‍ക്ക് രോഗബാധ

റോം: കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 5476 ആയി ഉയര്‍ന്നു. കഴിഞ്ഞദിവസം 651 പേരാണ് മരിച്ചത്. ഇതോടെയാണ് മരണസംഖ്യ വീണ്ടും ഉയര്‍ന്നത്. വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ എല്ലാ ആഭ്യന്തരയാത്രകള്‍ക്കും ഇറ്റലി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയില്‍ ശനിയാഴ്ച മരിച്ചത് 793 പേരാണ്. മുന്‍ദിവസത്തെ അപേക്ഷിച്ച് ഞായറാഴ്ച മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. അതേസമയം രോഗബാധിതരുടെ എണ്ണം കൂടിവരികയാണ്. ഇറ്റലിയില്‍ നിലവില്‍ അറുപതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

അതിനിടെ ഇറ്റലി സര്‍ക്കാര്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയതായി യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍ പറഞ്ഞു. മാസ്‌ക്, വെന്റിലേറ്റര്‍ തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറ്റാലിയന്‍ പ്രതിരോധമന്ത്രി ആവശ്യപ്പെട്ടതായി എസ്‌പെര്‍ വ്യക്തമാക്കി. ഇറ്റലിയില്‍ നിലവിലുള്ള യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരെ അടക്കം സഹായിക്കാനും ഇറ്റാലിയന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Exit mobile version