വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് 45 മിനിറ്റിനുള്ളില്‍ അറിയാം; അതിവേഗ രോഗനിര്‍ണയ പരിശോധനയ്ക്ക് അനുമതി നല്‍കി അമേരിക്ക

വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധിച്ചുണ്ടോയെന്ന് ഇനിമുതല്‍ 45 മിനിറ്റിനുള്ളില്‍ അറിയാം. വൈറസ് ബാധ തിരിച്ചറിയാന്‍ അതിവേഗ രോഗനിര്‍ണയ പരിശോധനയ്ക്ക് അമേരിക്ക അനുമതി നല്കി. ഈ അതിവേഗ രോഗനിര്‍ണയത്തിന് പിന്നില്‍ കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സെഫിഡ് എന്ന കമ്പനിയാണ്‌.

വൈറസ് ബാധ സംശയിക്കുന്ന രോഗിയെ പുതിയ പരിശോധനയിലൂടെ പരിശോധിച്ച് 45 മിനിറ്റിനുള്ളില്‍ വൈറസ് ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്ന ഫലം ലഭിക്കും. രോഗം അതിവേഗം തിരിച്ചറിയുന്നത് വഴി രോഗിക്ക് ആവശ്യമായ ചികിത്സ നല്കാന്‍ പുതിയ പരിശോധനയിലൂടെ സാധിക്കും.

ലോകത്ത് വൈറസ് ബാധ നിയന്ത്രണാധീതമായ സാഹചര്യത്തില്‍ ഈ പരിശോധന രോഗികളെ കണ്ടെത്തി ഉടന്‍ ചികിത്സ നല്‍കാന്‍ ഏറെ സഹായകരമാകും. നിലവില്‍ രോഗിയുടെ രക്ത സ്രവ സാംപിളുകള്‍ ശേഖരിച്ച് ലാബുകളിലേക്ക് അയച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

എന്നാല്‍ ഈ രീതിയിലുള്ള പരിശോധനയ്ക്ക് കൂടുതല്‍ സമയം ആവശ്യമായതിനാല്‍ രോഗനിര്‍ണയം നീണ്ടുപോയിരുന്നു. അതേസമയം, പുതിയ പരിശോധന രോഗനിര്‍ണയം വേഗത്തിലാക്കുന്നു. യുഎസില്‍ അടുത്ത ആഴ്ച മുതല്‍ ഈ പരിശോധന ആരംഭിക്കും. രാജ്യത്ത് മാര്‍ച്ച് 30നകം പരിശോധന സംവിധാനം കമ്പനി ലഭ്യമാക്കുമെന്ന് അമേരിക്കന്‍ ആരോഗ്യ സെക്രട്ടറി അലക്‌സ് അസര്‍ അറിയിച്ചു. ഇതോടെ നിലവിലെ രോഗനിര്‍ണയത്തെക്കാള്‍ വേഗത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ പൗരന്മാരില്‍ രോഗ നിര്‍ണയം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version