കൊവിഡ് 19; മെയ് മാസം നടത്താനിരുന്ന മെറ്റ് ഗാല ഫാഷന്‍ മേള മാറ്റിവെച്ചു

ലോകരാജ്യങ്ങളൊക്കെ കൊവിഡ് 19 ഭീതിയിലാണ്. നൂറിലധികം രാജ്യങ്ങളിലാണ് ഇതിനോടകം ഈ വൈറസ് വ്യാപിച്ചിരിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ മെറ്റ് ഗാല ഫാഷന്‍ മേള മാറ്റിവെച്ചിരിക്കുകയാണ് സംഘാടകര്‍. മെയ് നാലിന് നടത്താനിരുന്ന മേളയാണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.

‘മെട്രോ പൊളിറ്റന്‍ മ്യൂസിയത്തിന്റെ വാതിലുകള്‍ അടയ്ക്കാനുള്ള തീരുമാനം ഒഴിവാക്കാനാവാത്തതും ഉത്തരവാദിത്തമുള്ളതുമായതിനാല്‍ മെറ്റ് ഗാല മറ്റൊരു തീയതിയിലേക്ക് മാറ്റി വെക്കുന്നു’ എന്നാണ് വോഗ് മാഗസിന്‍ എഡിറ്റര്‍ അന്ന വിന്റര്‍ അറിയിച്ചത്. ലോക ഫാഷന്റെ പ്രധാന അരങ്ങുകളിലൊന്നാണ് മെറ്റ് ഗാല.

അതേസമയം ലോകത്ത് കൊവിഡ് 19 വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം ഏഴായിരം കവിഞ്ഞു. ഇതുവരെ ഒരു ലക്ഷത്തി എണ്‍പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിക്ക് പിന്നാലെ ഫ്രാന്‍സും ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സ്വിറ്റ്സര്‍ലാന്‍ഡ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുകയാണ്.

Exit mobile version