പോര്‍ക്കും ബീഫും പാടില്ലെന്ന് കലക്ടര്‍ : ആമ്പൂര്‍ ബിരിയാണി മേള മാറ്റിവച്ചു, മഴ മൂലമെന്ന് വിശദീകരണം

ചെന്നൈ : ഇന്ന് മുതല്‍ നടക്കാനിരുന്ന ആമ്പൂര്‍ ബിരിയാണി മേള മാറ്റിവച്ചു. മഴയെത്തുടര്‍ന്ന് മാറ്റി വയ്ക്കുകയാണെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും മേളയില്‍ പോര്‍ക്കും ബീഫും വിളമ്പാന്‍ പാടില്ലെന്ന കലക്ടറുടെ നിര്‍ദേശത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിവരം.

ഒരു വിഭാഗം ആളുകളുടെ വിശ്വാസങ്ങളെ മാനിച്ച് മേളയില്‍ പോര്‍ക്കും ബീഫും വിളമ്പാന്‍ പാടില്ലെന്നായിരുന്നു തിരുപ്പത്തൂര്‍ കലക്ടര്‍ അമര്‍ ഖുശ് വാഹയുടെ ഉത്തരവ്. ഇതിനെതിരെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. വിവാദങ്ങള്‍ കടുത്തതോടെ മേള മാറ്റി വയ്ക്കുന്നതായി ഭരണകൂടം അറിയിക്കുകയായിരുന്നു.

സൗജന്യമായി ബീഫ് ബിരിയാണി മേളയില്‍ വിളമ്പുമെന്നാണ് വിടുതലൈ ചിരുതൈ കക്ഷി പ്രഖ്യാപിച്ചിരിക്കുന്നത്. ഭക്ഷണക്കാര്യത്തില്‍ വേര്‍തിരിവ് പാടില്ലെന്ന് ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം, ഹ്യുമാനിറ്റേറിയന്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരും ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ ഉത്തരവില്‍ തമിഴ്‌നാട് എസ് സി-എസ്ടി കമ്മിഷന്‍ കലക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്.

തിരുപ്പത്തൂര്‍ ജില്ലാ ഭരണകൂടമാണ് ആമ്പൂര്‍ ബിരിയാണി മേള നടത്തുന്നത്. പ്രശസ്തമായ ആമ്പൂര്‍ ബിരിയാണിയുടെ മുപ്പതിലധികം വരുന്ന വെറൈറ്റികളാണ് മേളയുടെ ഹൈലൈറ്റ്‌. വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധിയാളുകളാണ് എല്ലാ വര്‍ഷവും മേളയില്‍ പങ്കെടുക്കാനെത്തുന്നത്.

Exit mobile version