റൊണാള്‍ഡോ സൂപ്പറാ! സ്വന്തം ഹോട്ടലുകളെല്ലാം കൊറോണക്കെതിരെ പോരാടാന്‍ സൗജന്യമായി ആശുപത്രികളാക്കാന്‍ വിട്ടുകൊടുത്ത് ഫുട്ബോള്‍ മാന്ത്രികന്‍! ചെലവുകള്‍ വഹിക്കുന്നതും താരം തന്നെ

ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ.

മാഡ്രിഡ്: ഫുട്ബോള്‍ പ്രേമികള്‍ അല്ലാത്തവരും പറയുകയാണിപ്പോള്‍ റൊണാള്‍ഡോ സൂപ്പറാണെന്ന്! ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിആര്‍ 7 എന്ന തന്റെ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നങ്ങളും ആഡംബര ഹോട്ടലുകളും ലോകം കൊവിഡ്-19 ആശങ്കയില്‍ നില്‍ക്കെ ആശുപത്രികളാക്കാന്‍ വിട്ടു കൊടുത്ത് കൊണ്ട് ലോകത്തിനു തന്നെ പ്രിയങ്കരനാകുകയാണ് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ.

റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള സിആര്‍ 7 ഹോട്ടലുകളെല്ലാം കൊവിഡ്-19ന് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ആശുപത്രികളാക്കി മാറ്റുകയാണെന്ന് സ്പാനിഷ് മാധ്യമം മാര്‍സ റിപ്പോര്‍ട്ട് ചെയ്യുന്നു. തീര്‍ത്തും സൗജന്യമായാണ് ഇവ ഉപയോഗിക്കാന്‍ വിട്ടു കൊടുത്തിട്ടുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇവിടത്തെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള ശമ്പളമടക്കമുള്ള ചെലവുകളെല്ലാം വഹിക്കുന്നതും റൊണാള്‍ഡോയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നനായ ഫുട്ബോള്‍ താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ.

നേരത്തെ കൊവിഡ്-19ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരാധകരോടും ജനങ്ങളോടും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പലിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് താരം രംഗത്തെത്തിയിരുന്നു. സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മറ്റുള്ളവരെ സഹായിക്കാന്‍ സന്നദ്ധരാകുന്ന ആരോഗ്യ വിദഗ്ധര്‍ക്കാണ് തന്റെ പിന്തുണയെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ റൊണാള്‍ഡോ സ്വന്തം നാടായ മെദീരയില്‍ ക്വാറന്റൈനിലാണ്. യുവെന്റസിലെ സഹതാരം ഡാനിയേല്‍ റുഗാനിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് റൊണാള്‍ഡോ അടക്കമുള്ള യുവെ താരങ്ങളും ജീവനക്കാരുമെല്ലാം സ്വയം നിരീക്ഷണത്തിലായത്. ഏതായാലും റൊണാള്‍ഡോയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിക്കാണ് ഇന്ന് ആരാധകരും അല്ലാത്തവരും കൈയ്യടിക്കുന്നത്.

Exit mobile version