കൊറോണ ഭീതി! സൗദിയില്‍ സ്‌കൂളുകള്‍ക്ക് അനിശ്ചിത കാലത്തേക്ക് അവധി

റിയാദ്: സൗദി അറേബ്യയിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല അവധി പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിദ്യാലയങ്ങള്‍ താല്‍ക്കാലികമായി അടക്കുകയാണെന്ന് വിദ്യഭ്യാസ മന്ത്രാലയം ട്വീറ്റില്‍ അറിയിച്ചു. സൗദി അറേബ്യയില്‍ കൂടുതല്‍ ആളുകളില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ നാല് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സൗദി അറേബ്യയില്‍ രോഗബാധിതരുടെ എണ്ണം 11 ആയി. രോഗം ബാധിച്ച പതിനൊന്നുപേരും കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ നിന്നുള്ളവരായതിനാല്‍ ഇവിടേക്ക് വരുന്നതിനും പുറത്തു പോകുന്നതിനും താത്കാലിക വിലക്കേര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, നിലവില്‍ ഖത്തീഫിന് പുറത്തുള്ള ഇവിടുത്തെ താമസക്കാര്‍ക്ക് തിരിച്ചു വീട്ടിലേക്ക് വരുന്നതിന് തടസമില്ല.

അതേസമയം രോഗ ബാധ തടയുന്നതിനായി വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫീസുകളും സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാരുടെ പഞ്ചിംഗ് സംവിധാനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രോഗബാധ തടയാനായി വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി. ട്രോളികള്‍ അണുവിമുക്തമാക്കുന്നതിനും ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ഉപയോഗത്തിനായി അണുനശീകരണ സംവിധാനം ഒരുക്കുന്നതിനും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് റിയാദ് നഗരസഭ നിര്‍ദ്ദേശം നല്‍കി. കൂടാതെ പള്ളികളിലെ കാര്‍പെറ്റുകള്‍ പതിവായി അണുവിമുക്തമാക്കുന്നതിനു ഇസ്ലാമികകാര്യ മന്ത്രാലയവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Exit mobile version