ട്രംപിന്റെ ഉച്ചകോടിയില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ വൈറസ് ബാധ; ഇക്കാര്യത്തില്‍ ആശങ്കയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങളില്‍ ഭീതിപടര്‍ത്തിക്കൊണ്ട് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്തയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മന്ത്രിസഭാംഗങ്ങളും ഉള്‍പ്പെടെ വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരും മറ്റ് ആയിരക്കണക്കിനുപേരും പങ്കെടുത്ത പരിപാടിയാണിത്.

വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി.) പങ്കെടുത്തയാള്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഫെബ്രുവരി 26 മുതല്‍ 29 വരെയായിരുന്നു പരിപാടി. അതേസമയം ഇയാള്‍ ട്രംപുമായോ മൈക്ക് പെന്‍സുമായോ നേരിട്ടിടപഴകുകയോ പരിപാടി നടന്ന പ്രധാന ഹാളിലെത്തുകയോ ചെയ്തിട്ടില്ലെന്ന് എസിയു പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒട്ടും ആശങ്കയില്ലെന്ന് ട്രംപ് പ്രതികരിച്ചു. അതേയമയം ഇയാള്‍ തനിക്ക് ഹസ്തദാനം നല്‍കിയിരുന്നുവെന്ന് എസിയു ചെയര്‍മാന്‍ മാറ്റ് ഷ്‌ലാപ്പ് യുഎസ് മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ ന്യൂജഴ്‌സില്‍ ചികിത്സയിലാണെന്ന് സിപിഎസി സംഘാടകരായ അമേരിക്കന്‍ കണ്‍സര്‍വേറ്റീവ് യൂണിയന്‍ പറഞ്ഞു.

Exit mobile version