കൊവിഡ് 19; ചൈനയില്‍ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് വീണ് ആറ് മരണം

ബെയ്ജിങ്: ചൈനയില്‍ കൊവിഡ് 19 വൈറസ് നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ചിരുന്ന ഹോട്ടല്‍ തകര്‍ന്ന് വീണ് ആറ് മരണം. ശനിയാഴ്ച രാത്രി പ്രാദേശിക സമയം രാത്രി 7.30 ഓടെയാണ് ഫുജിയാന്‍ പ്രവിശ്യയിലുള്ള ഷിന്‍ജിയ ഹോട്ടല്‍ തകര്‍ന്നു വീണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്ത് 71 പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. 36 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടത്തെ തുടര്‍ന്ന് ഹോട്ടലിന്റെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലിന്റെ ഒന്നാം നിലയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. അഞ്ച് നിലകളിലായി 80 മുറികളുള്ള ഹോട്ടലില്‍ ഈ അടുത്താണ് വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരെ നിരീക്ഷിക്കാനുള്ള ഇടമായി മാറ്റിയത്. ഫുജിയാന്‍ പ്രവിശ്യയില്‍ 296 ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 10,819 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊവിഡ് 19 വൈറസ് ബാധമൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം മൂവായിരത്തിയഞ്ഞൂറ് കടന്നു. ചൈനയില്‍ മാത്രം 3097 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇന്ത്യയില്‍ ഇതുവരെ 39 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version