‘ഇത് പാകിസ്താനാണ്, ഇന്ത്യയല്ല’; പ്രതിഷേധക്കാരെ ദേശവിരുദ്ധ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന് എതിരെ പാകിസ്താൻ ഹൈക്കോടതി

ഇസ്ലാമാബാദ്: പ്രതിഷേധ പരിപാടി നടത്തിയതിന്റെ പേരിൽ 23 പേരെ അറസ്റ്റ് ചെയ്ത് ദേശവിരുദ്ധ കുറ്റം ചുമത്തിയ സംഭവത്തിൽ രൂക്ഷവിമർശനം നടത്തി പാകിസ്താനിലെ ഹൈക്കോടതി. പോലീസിനോട് ഇത് ഇന്ത്യയല്ല ജനാധിപത്യ സർക്കാരുള്ള പാകിസ്താനാണെന്നാണ് ഇസ്ലാമാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അതർ മിൻഅല്ല പ്രസ്താവിച്ചത്.

അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ‘ഒരു ജനാധിപത്യ സർക്കാർ ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് ഞങ്ങൾ കരുതുന്നില്ല. എല്ലാവരുടെയും ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിപ്പെടും. ഇത് പാകിസ്താനാണ് ഇന്ത്യയല്ല,- മിൻഅല്ല വിധി ന്യായത്തിൽ വ്യക്തമാക്കി. കൂടാതെ പ്രതിഷേധിക്കാൻ ഇനിയും അനുമതി കിട്ടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനും പ്രതിഷേധക്കാരോട് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.

നിങ്ങൾ പ്രതിഷേധം നടത്തണമെങ്കിൽ അനുമതി തേടുക. അനുമതി ലഭിച്ചില്ലെങ്കിൽ കോടതി ഇവിടെയുണ്ട്. പ്രതിഷേധക്കാർക്കെതിരെ എന്തിനാണ് ദേശവിരുദ്ധ കുറ്റം ചുമത്തിയതെന്നും കോടതി ചോദിച്ചു. വിമർശനത്തെ തുടർന്ന് പ്രതിഷേധക്കാരുടെ മേൽ ചുമത്തിയ ചാർജുകൾ പിൻവലിക്കുന്നതായി ഇസ്ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണർ കോടതിയെ ബോധിപ്പിച്ചു.

പിടിഎം പാർട്ടി നേതാവായ മൻസൂർ പസ്തീനെ അറസ്റ്റ് ചെയ്തതിനെതിരെ ജനുവരിയിലാണ് അവാമി വർക്കേർസ് പാർട്ടിയിലേയും പാഷ്തൻ തഹഫുസ് പാർട്ടിയിലെയും പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്.പാകിസ്താൻ നാഷണൽ പ്രസ് ക്ലബിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ 23 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Exit mobile version