ഇനി ട്രാഫിക് നിയമം ലംഘിച്ചാല്‍ വിസ കിട്ടില്ല! എട്ടിന്റെ പണി കൊടുക്കാനൊരുങ്ങി പോലീസ്

ഇനി ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും

ലുധിയാന: യുവാക്കളെ ട്രാഫിക്ക് നിയമം അനുസരിപ്പിക്കാന്‍ ഒരുങ്ങി ലുധിയാന പോലീസ്. ഇനി ട്രാഫിക്ക് നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും.

കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ദീര്‍ഘകാല വിസയ്ക്ക് ശ്രമിക്കുന്നവര്‍ക്കാണ് ട്രാഫിക് നിയമലംഘനങ്ങള്‍ പ്രശ്‌നമാകുന്നത്. മുമ്പ് വിസയ്ക്ക് അപേക്ഷിച്ചയാളുടെ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ഇനി ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് കൂടി പണിയാണ്.

ഇത്തരത്തിലുള്ള കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ നിരവധി എംബസികളില്‍ നിന്ന് പോലീസിനെ ബന്ധപ്പെട്ടിരുന്നെന്ന് ലുധിയാന പോലീസ് കമ്മീഷണര്‍ രാഗേഷ് അഗര്‍വാള്‍ പറഞ്ഞു. ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തിയിട്ടുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ പോലീസ് ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ലുധിയാനയില്‍ നിന്ന് നിരവധി ആളുകളാണ് ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പൗരത്വത്തിനും ദീര്‍ഘകാല വിസയ്ക്കും അപേക്ഷിച്ച് കാത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യം ട്രാഫിക് ബോധവത്കരണത്തിനുള്ള അവസരമായി കാണുകയാണ് അധികൃതര്‍.

Exit mobile version