ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി; 177 പേര്‍ ഗുരുതരാവസ്ഥയില്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 ഓളം പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 177 പേരുടെ നില അതീവ ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത. എന്നാല്‍ വൈറസ് ബാധിച്ച 34 പേര്‍ സുഖം പ്രാപിച്ചതിനാല്‍ ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

വൈറസ് ബാധ പടരുന്നതിനാല്‍ ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത വുഹാനിലെയും സമീപ നഗരങ്ങളിലെയും 20 ദശലക്ഷം ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ ചൈനയിലെ വുഹാന്‍, സമീപനഗരമായ ഹോങ്കോങ് എന്നീ നഗരങ്ങള്‍ പൂര്‍ണ്ണമായി അടച്ചിട്ടു. വ്യോമ, ട്രെയിന്‍, റോഡ് ഗതാഗതവും നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതേസമയം ഈ വൈറസ് പാമ്പില്‍ നിന്നോ വവ്വാലില്‍ നിന്നോ ആകാം മനുഷ്യരിലേക്കു പകര്‍ന്നതെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വെന്റിലേറ്ററും ഐസിയുവുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. വൈറസ് ഭീതിമൂലം ബോക്‌സിങ്, വനിതാ ഫുട്‌ബോള്‍ എന്നിവയുടെ ഒളിംപിക് യോഗ്യതാ മത്സരങ്ങളും വുഹാനില്‍ നിന്ന് മാറ്റിയിരിക്കുകയാണ്. ചൈനയ്ക്ക് പുറമെ ജപ്പാനിലും തായ്‌ലന്‍ഡിലും ദക്ഷിണകൊറിയയിലും യുഎസിലും ഇപ്പോല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Exit mobile version