ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. അഞ്ഞൂറോളം പേരാണ് ചികിത്സയില്‍ കഴിയുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തിലെ വിമാനത്താവളങ്ങളും റെയില്‍വേ സ്റ്റേഷനുകളുമടക്കം പൊതുഗതാഗതസംവിധാനങ്ങളെല്ലാം അധികൃതര്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ചൈനയ്ക്ക് പിന്നാലെ അമേരിക്കയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ സിയാറ്റിലില്‍ താമസിക്കുന്ന മുപ്പത് വയസുകാരന് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎസ് വ്യക്തമാക്കിയിരിക്കുന്നത്.

യുവാവ് വൈറസ് ആദ്യം സ്ഥിരീകരിച്ച ചൈനയിലെ വൂഹാന്‍ നഗരത്തില്‍നിന്ന് ജനുവരി 15നാണ് അമേരിക്കയില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ ചൈനയിലെ അജ്ഞാത വൈറസിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ സ്വമേധയാ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുകയായിരുന്നു.രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമേരിക്കയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ ചൈനയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തിയതിന് ശേഷമാണ് രാജ്യത്തേക്ക് പ്രവേശനം നല്‍കുന്നത്.

മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പടരുമെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ തിങ്കളാഴ്ച വ്യക്തമാക്കിയതിന് പിന്നാലെ ലോകരാജ്യങ്ങള്‍ വലിയ സുരക്ഷാ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചു വരികയാണ്. ജപ്പാനിലും തായ്ലന്‍ഡിലും ദക്ഷിണകൊറിയയിലും യുഎസിലും ഇപ്പോല്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വിദഗ്ദ്ധ പരിശോധന നടത്തും.

Exit mobile version