കാശ്മീർ ഹിമപാതത്തിൽ അകപ്പെട്ട് മഞ്ഞിനടിയിൽ കിടന്നത് 18 മണിക്കൂർ; ഒടുവിൽ പന്ത്രണ്ടുകാരിക്ക് പുതുജീവൻ

മുസഫറാബാദ്: പാകിസ്താൻ അധീന കാശ്മീരിലുണ്ടായ ഹിമപാതത്തിൽ പെട്ട് മഞ്ഞിനടിയിൽ പുതഞ്ഞുകിടന്ന പെൺകുട്ടി അത്ഭുതകരമായി 18 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തി. പന്ത്രണ്ടുകാരി സമിനയാണ് ആപത്തൊന്നുമില്ലാതെ പുറത്തെത്തിയത്. പാക് അധീന കശ്മീരിൽ തിങ്കളാഴ്ചയാണ് ഹിമപാതമുണ്ടായത്. ചൊവ്വാഴ്ചയാണ് സമിന ബിബിയെ ജീവനോടെ കണ്ടെത്തിയത്.

‘ഞാൻ കരുതിയത് മരിച്ചുവെന്നാണ്. മഞ്ഞിനടിയിൽ കുടുങ്ങിയ നിമിഷം സഹായത്തിനായി നിലവിളിച്ചു. രക്ഷിക്കാൻ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയിൽ മഞ്ഞിനടിയിൽ തന്നെ ഉറങ്ങാതെ കഴിച്ചുകൂട്ടി’-സമിന പറയുന്നു. ഒടുവിൽ രക്ഷാപ്രവർത്തകർ എത്തി സമിനയെ കണ്ടെത്തുമ്പോൾ വായിൽ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുമുണ്ട്. മുസഫറാബാദിലെ ആശുപത്രിയിൽ ചികിത്സയിലാണ് സമിന. ഇവർക്കൊപ്പം മഞ്ഞിടിച്ചിലിൽ പരിക്കേറ്റ നിരവധി പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്.

സമിനയും കുടുംബവും വീടിന് പുറത്ത് തീ കായുന്നതിനിടയിലാണ് ഹിമപാതമുണ്ടായത്. മഞ്ഞിന്റെ ഇരമ്പൽ കേട്ടില്ല. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ എല്ലാം സംഭവിച്ചു. സമിന ഭാഗ്യമുള്ള കുട്ടിയാണെന്നും സമിനയുടെ അമ്മ ഷഹ്നാസ് പ്രതികരിച്ചു. തിങ്കളാഴ്ചയാണ് കാശ്മീരിലെ നീലം വാലിയിൽ മഞ്ഞിടിച്ചിൽ ഉണ്ടാകുന്നത്. ഹിമപാതത്തിൽ മരണസംഖ്യ 100 ആയതായി പാകിസ്താൻ ദേശീയ ദുരന്ത നിർവഹണ വിദഗ്ധരും അറിയിച്ചു. മഞ്ഞിനടിയിലെ മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്‌

Exit mobile version