ഇറാനും യുഎസും ചേർന്ന് രാജ്യത്തെ യുദ്ധക്കളമാക്കരുത്; പരമാധികാരത്തെ വെല്ലുവിളിക്കരുത്; സൈനിക താവളങ്ങൾ ആക്രമിച്ചതിനെ അപലപിച്ച് ഇറാഖ് പ്രസിഡന്റ്

ബാഗ്ദാദ്: ഇറാൻ യുഎസ് സൈനികരെ ലക്ഷ്യം വെച്ച് നടത്തിയ മിസൈലാക്രമണത്തെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരെയാണ് ഇറാൻ മിസൈലാക്രമണം നടത്തിയത്. മേഖലയിലെ അപകടകരമായ നീക്കങ്ങളിൽ ഭയമുണ്ടെന്നും ഇറാഖ് അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇറാഖിന്റെ പരമാധികാരത്തിന് മേൽ ഇറാൻ തുടർച്ചയായി കടന്നുകയറുന്നതിൽ എതിർപ്പ് രേഖപ്പെടുത്തുന്നതായും ഇരുവിഭാഗങ്ങളും ഇറാഖിനെ അവരുടെ യുദ്ധക്കളമായി മാറ്റുന്നതിൽ പ്രതിഷേധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, യുഎസ് സൈനികത്താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ഇറാഖ് പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇറാന്റെ നടപടിയെ അപലപിച്ച് ഇറാഖ് പ്രസിഡന്റ് രംഗത്തെത്തിയത്.

ഇറാൻ ഖുദ്‌സ് ഫോഴ്‌സ് തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരേ ഇറാൻ മിസൈലാക്രമണം നടത്തിയത്. ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു.

Exit mobile version