ഇറാന്റെ ആക്രമണം യുഎസിന് ലഭിച്ച മുഖമടച്ചുള്ള അടി; ഇനിയും കൂടുതൽ പ്രതീക്ഷിക്കാം; അമേരിക്കയോട് ആയത്തുള്ള ഖമേനി

ടെഹ്‌റാൻ: യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നടത്തിയ മിസൈലാക്രമണം വിജയകരമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചതോടെ അമേരിക്കയ്ക്ക് മുഖമടച്ചുള്ള പ്രഹരമാണ് നൽകിയിരിക്കുന്നതെന്നും എന്നാൽ ഇത് പര്യാപ്തമല്ലെന്നും കൂടുതൽ ലക്ഷ്യം വെയ്ക്കുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യത്തെ ഭീഷണിപ്പെടുത്തുന്ന ഏത് ആഗോള ശക്തിയേയും നേരിടാൻ ഇറാൻ സജ്ജമാണെന്നും മിസൈലാക്രമണത്തിന് ശേഷം രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കവെ ഖമേനി അവകാശപ്പെട്ടു.

‘കഴിഞ്ഞ രാത്രി യുഎസിന്റെ മുഖമടച്ച് ഒരു അടി നൽകി, പക്ഷേ അത് പോര. ഇറാന്റെ വിപ്ലവം സജീവമായി നിലനിൽക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്‌കാര ചടങ്ങിൽ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. ഇറന്റെ പ്രധാന ശത്രുക്കൾ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്. നമ്മൾ കൂടുതൽ ശക്തരാകണം. യുഎസ് ഒരിക്കലും ഇറാനുമായുളള ശത്രുത അവസാനിപ്പിക്കാൻ പോകുന്നില്ല. അമേരിക്കൻ ജനതയോട് ഒരിക്കലും ഇറാന് ശത്രുതയില്ല. എന്നാൽ അവരെ ഭരിക്കുന്ന മൂന്ന് നാല് പേർ തങ്ങളുടെ ലക്ഷ്യമാണെന്നും ഖമേനി പറഞ്ഞു.

Exit mobile version