സുലൈമാനിയുടെ ഖബറടക്കം ഇന്ന്; മൃതദേഹത്തിന് മുന്നില്‍ നിയന്ത്രണം വിട്ട് കരഞ്ഞ് ഖമേനി; ‘അമേരിക്കയ്ക്ക് മരണം’ എന്ന് ജനങ്ങള്‍

തെഹ്‌റാന്‍: അമേരിക്കന്‍ സൈന്യം വധിച്ച ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സുലൈമാനിയുടെ ജന്മനാടായ കെര്‍മാനില്‍ മൃതദേഹം ഖബറടക്കും. അതിനുമുമ്പ് ഷിയാ മുസ്ലിങ്ങളുടെ പുണ്യസ്ഥലമായ ഖോമിലേക്ക് കൊണ്ടുപോകും.

പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തിന് മുന്നില്‍ നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടുകയായിരുന്നു ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി. തന്റെ രണ്ടാമനെന്ന് ലോകം വിളിച്ച ഖാസിം സുലൈമാനിയെ ജീവനില്ലാതെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞു. വിതുമ്പലടക്കാനാകാതെ തേങ്ങി.

പൊതുദര്‍ശനത്തിനുവെച്ച സുലൈമാനിയുടെ മൃതദേഹത്തില്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് പേരാണെത്തിയത്. പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. ‘അമേരിക്കയ്ക്ക് മരണം’ എന്ന് പലരും ആര്‍ത്തുവിളിച്ചു. തിങ്കളാഴ്ച ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടന്ന പ്രാര്‍ഥനാച്ചടങ്ങുകള്‍ ടെലിവിഷനുകള്‍ തത്സമയം സംപ്രേഷണംചെയ്തിരുന്നു.

Exit mobile version