ഇന്ത്യൻ സീരിയൽ കണ്ട് മകൾ ആരതി ഉഴിയുന്നത് അനുകരിച്ചു; ദേഷ്യം അടക്കാനാകാതെ അന്ന് ടിവി തല്ലിപ്പൊട്ടിച്ചെന്ന് അഫ്രീദി; വിവാദം

കറാച്ചി: പാകിസ്താൻ ക്രിക്കറ്റിൽ ഇത് വിവാദങ്ങളുടെ കാലമാണ്. ഹിന്ദു മതവിശ്വാസി ആയതിനാൽ ഡാനിഷ് കനേരിയക്ക് ചില ടീമംഗങ്ങളിൽ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത് മുൻതാരം ഷുഐബ് അക്തറാണ്. സംഭവം വലിയ ചർച്ചയായതോടെ അക്തർ നിലപാട് മയപ്പെടുത്തി എങ്കിലും, സംഭവം സത്യമെന്ന് വിശദീകരിച്ച് കനേരിയ തന്നെ രംഗത്തെത്തിയതോടെ വാർത്ത ചൂട് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ മുൻനായകൻ ഷാഹിദ് അഫ്രീദി പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. കുറച്ച് വർഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നൽകിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ചർച്ചയാകുന്നത്.

ടെലിവിഷനിൽ ഒരു സീരിയൽ കണ്ട് തന്റെ മകൾ ആരതി ഉഴിയുന്നത് അനുകരിച്ചതിനാൽ വീട്ടിലെ ടെലിവിഷൻ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തിൽ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയ്യടിക്കുകയും ചെയ്യുന്നുണ്ട്. ‘കുട്ടികളുടെ മുന്നിൽ വെച്ച് ടിവി കാണരുതെന്ന് ഞാൻ ഭാര്യയോട് എപ്പോഴും പറയാറുണ്ട്. ഒറ്റക്ക് കണ്ടോളൂ എന്നും പറയാറുണ്ട്. ഒരു ദിവസം ഞാൻ മുറിയിൽ നിന്ന് പുറത്തുവരുമ്പോൾ കണ്ടത് മകൾ ടിവി കാണുന്നതാണ്. അവൾ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. അന്ന് ദേഷ്യമടക്കാനാകാതെ ഞാൻ ടിവി തല്ലിപ്പൊട്ടിച്ചു. ഒരു ഇന്ത്യൻ പരമ്പരയിലെ രംഗമായിരുന്നു അത്’. അഭിമുഖത്തിൽ അഫ്രീദി പറയുന്നതിങ്ങനെ. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വേഗത്തിൽഡ പ്രചരിക്കുകയാണ്. പാകിസ്താനിലെ മതേതരത്വത്തിന്റെ യഥാർത്ഥ മുഖം എന്ന കുറിപ്പോടെ പലരും ഈ വീഡിയോ ട്വീറ്റ് ചെയ്യുകയാണ്.

Exit mobile version