പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാൻ ഇന്ത്യ അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കിയാൽ വിവരമറിയും; മുന്നറിയിപ്പും ഭീഷണിയുമായി പാകിസ്താൻ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിരിക്കെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നറിയിപ്പും ഇന്ത്യയെ ഭീഷണിപ്പെടുത്തിയും പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഇന്ത്യയിലെ പ്രതിഷേധങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും ഇമ്രാൻ ഖാൻ ആവശ്യപ്പെടുന്നു, ഇന്ത്യയ്ക്ക് അകത്ത് നടക്കുന്ന പ്രക്ഷോഭത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനായി ഇന്ത്യ-പാക് അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഏതെങ്കിലും തരത്തിൽ പ്രകോപനം സൃഷ്ടിച്ചാൽ മറുപടിയും അതിനനുസരിച്ചാകുമെന്ന് ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യയിലെ പ്രതിഷേധങ്ങൾ വഴിതിരിച്ചുവിടാനായി അതിർത്തിയിൽ യുദ്ധജ്വരവുമായി വന്നാൽ ശക്തമായ മറുപടി നൽകുമെന്നാണ് ഇമ്രാന്റെ ട്വീറ്റ്. അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആഭ്യന്തര പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ ഇന്ത്യ അതിർത്തിയിൽ സൈനിക നീക്കം നടത്താനുള്ള സാധ്യതയുണ്ടെന്നും ഹിന്ദു ദേശീയതയെ ഉണർത്താൻ വേണ്ടിയാകുമിതെന്നും ഇമ്രാൻ ആരോപിക്കുന്നു. അത്തരത്തിൽ യുദ്ധജ്വരം ഉണ്ടായാൽ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ പാകിസ്താൻ ശക്തമായ മറുപടി തന്നെ നൽകുമെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേർത്തിട്ടുണ്ട്.

നേരത്തെ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ ഏത് നിമിഷവും മോശമാകാമെന്ന് ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് ചൂണ്ടികാണിച്ചിരുന്നു. ഇക്കാര്യവും ഇമ്രാൻ ഖാൻ ട്വീറ്റിൽ സൂചിപ്പിക്കുന്നുണ്ട്.

Exit mobile version